കോവിഡ് വാക്സിനേഷൻ: ജില്ലയിലെ ഏറ്റവും മികച്ച വാക്‌സിനേഷൻ കേന്ദ്രത്തിനുള്ള പുരസ്കാരം ബേക്കർ മെമ്മോറിയൽ സ്കൂളിന്, അഭിമാനത്തിളക്കത്തിൽ കോട്ടയം സിവിൽ ഡിഫൻസ


കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച വാക്‌സിനേഷൻ കേന്ദ്രത്തിനുള്ള പുരസ്കാരം ബേക്കർ മെമ്മോറിയൽ സ്കൂളിനു ലഭിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്കൊപ്പം അഭിമാനത്തിളക്കത്തിലാണ് കോട്ടയം സിവിൽ ഡിഫൻസ് സേനാംഗങ്ങളും.

 

 രാജ്യത്തിന്റെ 100 കോടി വാക്സിനേഷനും കോട്ടയം ജില്ലയുടെ 100 ശതമാനം ഒന്നാം ഡോസ് പൂർത്തീകരണത്തിന്റെയും ജില്ലാതല ആഘോഷ വേദിയിലാണ് പുരസ്ക്കാരം സമ്മാനിച്ചത്. കഴിഞ്ഞ ആറു മാസക്കാലമായി കോട്ടയം ബേക്കർ സ്കൂളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററിനെ 'സീറോ കംപ്ലയിൻ്റ് ' സെന്ററാക്കി മാറ്റിയിരുന്നു സിവിൽ ഡിഫൻസ് അംഗങ്ങൾ. കോട്ടയം ജില്ലയിലെ സ്ഥിരം വാക്സിനേഷൻ കേന്ദ്രവും മെഗാ ക്യാമ്പ് കേന്ദ്രവുമായിരുന്നു ബേക്കർ മെമ്മോറിയൽ സ്കൂളിൽ സജ്ജമാക്കിയിരുന്നത്. വാക്സിൻ സ്വീകരിക്കാനായി ജനങ്ങൾ കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ തിക്കിത്തിരക്കിയതോടെ വാക്സിൻ സ്വീകരിക്കാൻ എത്തിയവർ തമ്മിലും ആരോഗ്യ പ്രവർത്തകരുമാണ് തർക്കങ്ങൾ പതിവാകുകയായിരുന്നു. കോട്ടയത്ത് വാക്സിൻ വിതരണ കേന്ദ്രത്തിലെ ജനങ്ങളുടെ തിക്കിത്തിരക്ക് അന്ന്  മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തുടർന്ന് പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കിയിരുന്നെങ്കിലും പിറ്റേന്നും ഇതുതന്നെയായിരുന്നു അവസ്ഥ. രാവിലെ മുതൽ തന്നെ സ്‌കൂൾ പരിസരത്തും പുറത്തുമായി നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. തർക്കങ്ങൾ പതിവായതോടെയാണ് സെന്ററിൽ സിവിൽ ഡിഫൻസിന്റെ സേവനം തേടിയത്. തുടർന്ന് കഴിഞ്ഞ ആറു മാസക്കാലമായി കോട്ടയം ബേക്കർ സ്കൂളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററിനെ 'സീറോ കംപ്ലയിൻ്റ് ' സെന്ററാക്കി മാറ്റി സിവിൽ ഡിഫൻസ് അംഗങ്ങൾ. കോട്ടയം സ്റ്റേഷനീലെ സിവിൽ ഡിഫൻസ് അംഗങ്ങളാണ് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെയും വാഹനങ്ങളുടെയും തിരക്ക് നിയന്ത്രിക്കുന്നതും കൃത്യമായ സമയത്ത് മുന്ഗണനയനുസരിച്ച് വാക്സിനേഷനായി കയറ്റി വിടുകയും ചെയ്യുന്നത്. ബേക്കർ സ്‌കൂളിലെ വാക്സിനേഷൻ സെന്ററിൽ മാത്രമല്ല കോട്ടയത്തെ മറ്റു വാക്സിനേഷൻ സെൻ്ററുകളിലും ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിലെ സിവിൽ ഡിഫൻസ് ഫോഴ്സ് സജീവമാണ്. കോട്ടയത്തെ മെഗാ വാക്സിൻ വിതരണ കേന്ദ്രങ്ങളിലും ജില്ലയിലെ സ്ഥിരം വാക്സിൻ വിതരണ കേന്ദ്രങ്ങളിലും ജനത്തിരക്ക് നിയന്ത്രണാതീതമായതോടെയാണ് സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സഹായം തേടിയത്. നവംബർ 10 ന് 200 ദിവസം തികയുകയാണ്  വാക്സിനേഷൻ സെന്ററുകളിൽ ഇവരുടെ വിലമതിക്കാനാകാത്ത സേവനം. സിവിൽ ഡിഫൻസ് സേനാംഗങ്ങൾ കർമ്മനിരതരായതോടെ ഈ സെന്ററുകളിലെ ജനത്തിരക്ക് നിയന്ത്രിക്കാനും കൃത്യമായ രീതിയിൽ പരാതികൾക്കിടനൽകാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് വാക്സിൻ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കി. ബേക്കർ സ്‌കൂളിലെ വാക്സിനേഷൻ സെന്ററിലെ ആരോഗ്യ പ്രവർത്തകരുടെയും വാക്സിൻ സ്വീകരിക്കാനെത്തിയ ജനങ്ങളുടെയും പൂർണ്ണ സഹകരണം ഉണ്ടായത് കൊണ്ട് മാത്രമാണ് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് കൃത്യമായി പരാതികൾക്കിടനൽകാതെ സേവനം ഉറപ്പാക്കാനായതെന്നു സിവിൽ ഡിഫൻസ് കോട്ടയം ജില്ലാ വാർഡൻ സ്മികേഷ് ഓലിക്കൻ പറഞ്ഞു. കോട്ടയത്ത് നടന്ന ആഘോഷ പരിപാടിയിൽ ഏറ്റവും മികച്ച വാക്‌സിനേഷൻ കേന്ദ്രത്തിനുള്ള പുരസ്കാരം ബേക്കർ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് മറിയാമ്മ ഊമ്മൻ, സ്കൂൾ  മാനേജർ ഫാദർ രാജു ജേക്കബ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.