പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു.
മലങ്കര മെത്രാപ്പോലീത്തയായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഇന്ന് പരുമല പള്ളിയില്‍ വച്ച് കാതോലിക്കായായി സ്ഥാനാരോഹണം നടത്തുവാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചതായി സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടക്കും. കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നതാണ്. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്ന സമയത്ത് പരുമല സെമിനാരിയില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഗ്രീഗോറിയന്‍ ടിവി ശുശ്രൂഷകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്. തുടര്‍ന്ന് കേരളത്തിലെ മതമേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന അനുമോദന സമ്മേളനവും ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.