എല്ലാവർക്കും വാതിൽപ്പടി സേവനം ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എല്ലാ വ്യക്തിക്കും വാതിൽപ്പടി സേവനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പുറത്തിറക്കുന്ന സമഗ്ര പൗരാവകാശ രേഖ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.


ഇ സേവന സംവിധാനങ്ങൾ മുഖേന ആളുകൾക്ക് വീട്ടിലിരുന്ന് അപേക്ഷകൾ നൽകാൻ അവസരമുണ്ട്. സമയബന്ധിതമായി സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് പ്രധാനം. സർക്കാർ സേവനങ്ങൾ എങ്ങനെ ലഭിക്കുമെന്നറിയാത്ത ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴുമുണ്ട്. അവർക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാണ് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പൗരാവകാശ രേഖ തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഇത് എത്തിക്കാനുള്ള നടപടി അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.


പൗരാവകാശരേഖ ഹരിത കർമ്മ സേന മുഖേന ഉടൻ എല്ലാ വീടുകളിലും എത്തിക്കും. പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് ഉൾപ്പെടുത്തും. 136 പേജുള്ള പുസ്തകത്തിൽ 70 സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം എൽ.എ. അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസ് ചെമ്പകശ്ശേരി, ഷിബു പൂവേലി, വൈസ് പ്രസിഡന്റ് ഷേർളി ബെന്നി, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.