എരുമേലിയുടെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, വെള്ളം ഇരച്ചെത്തി, പാമ്പായാറിൽ ജലനിരപ്പ് ഉയരുന്നു.


എരുമേലി: കനത്ത മഴയെ തുടർന്ന് എരുമേലിയുടെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം.ഇന്ന് ഉച്ചക്ക് ശേഷം എരുമേലിയുടെ കിഴക്കൻ മലയോര മേഖലകളിൽ അതിശക്തമായ മഴയാണ് ഉണ്ടായത്.

എരുമേലി ഗ്രാമ പഞ്ചായത്തിലേ മലയോര മേഖലയായ എയ്ഞ്ചൽവാലി മേഖലയിലാണ് വെള്ളം ശക്തമായി ഇരച്ചെത്തിയത്. പ്രദേശവാസികളാണ് ഉരുൾപൊട്ടിയതായി സംശയം പ്രകടിപ്പിച്ചത്. ഇരച്ചെത്തിയ വെള്ളത്തിനൊപ്പം കല്ലും മണ്ണും ഉണ്ടായിരുന്നു. നിരവധി വീടുകളിലും റോഡിലും വെള്ളം കയറി. വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ടുണ്ട്. ശക്തമായ വെള്ളമോഴുക്കിൽ സമീപത്ത് വെച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു വീണു. റോഡിൽ കല്ലുകൾ ഒഴുകി വന്നു തങ്ങിക്കിടക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ വെള്ളം കയറി. ശക്തമായ മഴയിലും വെള്ളമൊഴുക്കിലും പാമ്പായാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.