എരുമേലി: എരുമേലിയുടെ കിഴക്കൻ മേഖലയായ പമ്പാവാലിയിലെ കർഷകർക്ക് കൃഷി നാശത്തിനൊപ്പം ജീവനും ഭീഷണിയായി മാറിയിരിക്കുകയാണ് വന്യജീവികൾ. പകൽ സമയങ്ങളിലും കൃഷിയിടങ്ങളിൽ കാട്ടുപന്നി സാന്നിധ്യമുള്ളതായി കർഷകർ പറയുന്നു.
കഴിഞ്ഞ കുറെ കാലങ്ങളായി കുരങ്ങുകളുടെയും മലയണ്ണാൻ്റെയും ശല്യത്തിൽ പൊറുതിമുട്ടിയ മലയോര ജനം ഇപ്പോൾ കാട്ടുപന്നിയുടെ ഭീഷണിയിലാണ്. ഭീതിയോടെയാണ് പകൽ സമയങ്ങളിലും മേഖലയിലുള്ളവർ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം എം ജെ മാത്യൂ മഠത്തിക്കുന്നേലിൻ്റെ പുരയിടത്തിലെത്തിയ കാട്ടുപന്നി കൂട്ടം വലിയ കൃഷി നാശമാണ് വരുത്തിയിരിക്കുന്നത്.
നൂറു കണക്കിന് വാഴകളും കപ്പകളുമാണ് കാട്ടുപന്നി കൂട്ടം നശിപ്പിച്ചത്. വന്യ മൃഗശല്യം രൂക്ഷമായിട്ടും ഒരു നടപടിയും വനം വകുപ്പ് സ്വീകരിക്കുന്നില്ലാന്നുള്ള ആക്ഷേപം കർഷകർക്കിടയിൽ ശക്തമാണ്. കാലാകാലങ്ങളായി കർഷകർ ഇതേ ആവശ്യം പലപ്പോഴായി ഉന്നയിച്ചിട്ടുള്ളതാണെന്നും ഇവർ പറയുന്നു.
വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള നടപടികൾ വനപാലകർ അടിയന്തരമായി സ്വീകരിച്ചില്ലങ്കിൽ നീയമപരമായ നടപടികളും പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ടു പോകാൻ കഴിഞ്ഞ ദിവസം പമ്പാവാലി ജനകീയ സംരക്ഷണ സമതിയുടെ കമ്മറ്റി തീരുമാനിച്ചു. വിവരാവകാശ നിയമപ്രകാരം പമ്പാവാലി മേഖലയിൽ വന്യമൃഗശല്യത്തിനു ഇതുവരെ വിനിയോഗിച്ച ഫണ്ട് വിവരങ്ങൾ ശേഖരിക്കാനും കമ്മറ്റിയെ ചുമതലപ്പെടുത്തി.