ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.
ഇന്നലെ പ്രത്യേകം പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. കന്നിമാസം ഒന്നായ ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്നു. തുടർന്ന് നിർമാല്യ ദർശനവും അഭിഷേകവും നടന്നു. ഇന്ന് മുതൽ 21 വരെ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. 21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.
നെയ്യഭിഷേകം,ഉദയാസ്തമന പൂജ,കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. ദിവസേന 15,000 ഭക്തർക്ക് വീതം ആണ് പ്രവേശനാനുമതി. കോവിഡ് പ്രതിരോധ വാക്സിൻ 2 ഡോസും എടുത്തവർക്കോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാ ഓൺലൈൻ വഴി ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായി എത്തിച്ചേരാം.