തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയിൽ പ്രതിസന്ധിയില്ലെന്നും വിമാനത്താവളത്തിനുള്ള പ്രാഥമിക അനുമതികൾ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ലഭിച്ചതാണെന്നും ശബരീ വിമാനത്താവളം സ്‌പെഷ്യൽ ഓഫീസർ വി തുളസീദാസ് പറഞ്ഞു.
സ്വാഭാവികമായി ഉണ്ടാകുന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഡിജിസിഎ ഉന്നയിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ കൺസൾട്ടൻസി ആലോചിച്ചു മറുപടി നൽകുമെന്നും വി തുളസീദാസ് പറഞ്ഞു. ശബരിമല വിമാനത്താവള പദ്ധതിക്ക് നിലവിൽ യാതൊരു പ്രതിസന്ധിയുമില്ല മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നും ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് ഡയറ്കടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിൽ നിലനിൽക്കുന്നതെന്നും പദ്ധതിയോടനുബന്ധിച്ചു രണ്ടു ഗ്രാമങ്ങളെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ജനവാസ കേന്ദ്രങ്ങളെ എത്രത്തോളം ബാധിക്കുമെന്നും സംസ്ഥാനം നൽകിയ പഠന റിപ്പോർട്ടിൽ ഇല്ല എന്നും ഡിജിസിഐ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനം നൽകിയിരിക്കുന്ന റിപ്പോർട്ട് വിശ്വസനീയമല്ലെന്നുമാണ് ഡിജിസിഎ റിപ്പോർട്ടിൽ പറയുന്നത്.