കനകമ്മയുടെ ആഗ്രഹം സഫലം; പിറന്ന മണ്ണിൽ ഒരു തുണ്ടു ഭൂമി സ്വന്തം.


കോട്ടയം: ‘പിറന്നുവീണ മണ്ണിൽ ഒരു തുണ്ട് ഭൂമി സ്വന്തമായി കിട്ടണമെന്ന് വലിയ ആഗ്രഹമായിരുന്നു. സർക്കാർ പട്ടയം തരുന്നതോടെ അത് സാധിക്കും’ സംസ്ഥാന സർക്കാരിന്റ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് നടക്കുന്ന പട്ടയമേളയിൽ തന്റെ നാല് സെന്റ് ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് വെച്ചൂർ അംബേദ്കർ കോളനി നിവാസി പുത്തൻതറയിൽ കനകമ്മ.  

 സെപ്റ്റംബർ 14ന് രാവിലെ 11.30ന് വൈക്കം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കനകമ്മ പട്ടയം ഏറ്റുവാങ്ങുമ്പോൾ 14 വർഷത്തെ ആഗ്രഹമാണ് സഫലമാകുക. കനകമ്മയും രണ്ടു പെൺമക്കളും നാലു കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കോളനിയിലെ ഒറ്റമുറി വീട്ടിലാണ് താമസം. ഭർത്താവ് ദേവരാജൻ മരിച്ചുപോയി. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഭവനപദ്ധതികൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല.

വിവാഹമോചിതരായ പെൺമക്കളിൽ മൂത്തയാൾ സിന്ധു ഹൃദ്രോഗിയാണ്. ഇളയ മകളായ സന്ധ്യ ദേവരാജൻ തയ്യൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. പക്ഷാഘാതം വന്ന് ശാരീരിക അവശതയിലായ കനകമ്മയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തം പേരിൽ ഭൂമിയെന്നത്. പട്ടയം കിട്ടുന്നതോടെ പരാധീനതകളേറെയുള്ള ഒറ്റമുറി വീട്ടിൽ നിന്നും ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തിലേക്ക് ഇനി എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കനകമ്മയും മക്കളും പറയുന്നു.