കോട്ടയം: ഓർത്തഡോക്സ്,യാക്കോബായ പള്ളിത്തർക്ക കേസിൽ കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
കേസിൽ സുപ്രീംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു. ഉത്തരവ് നടപ്പിലാക്കാത്തത് എന്ത് കാരണത്താലാണെന്നും സർക്കാർ നിലപാട് ഈ മാസം 29 നു മുൻപ് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. കോടതി ഉത്തരവ് നടപ്പിലാക്കാത്ത സർക്കാരിനെതിരെയുള്ള ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ് സഭ മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.
നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ക്രമാസമാധാനത്തിന്റെ പേരിൽ ഉത്തരവ് നടപ്പിലാക്കാതിരുന്നാൽ നീതി നിഷേധമാണെന്നും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 6 ഓർത്തഡോക്സ് പള്ളിക്കമ്മറ്റികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.