ആരോഗ്യ വകുപ്പിന്റെ ആർദ്രകേരളം പുരസ്കാരങ്ങൾ സമ്മാനിച്ചു, സംസ്ഥാനതലത്തിൽ മുനിസിപ്പാലിറ്റികളുടെ ഗണത്തിൽ മൂന്നാം സ്ഥാനം വൈക്കം മുനിസിപ്പാലിറ്റിക്ക്.


കോട്ടയം: 2018-19 സാമ്പത്തിക വർഷം ആരോഗ്യ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ ആർദ്രകേരളം പുരസ്കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാനതലത്തിൽ മുനിസിപ്പാലിറ്റികളുടെ ഗണത്തിൽ മൂന്നാം സ്ഥാനം ലഭിച്ച വൈക്കം മുനിസിപ്പാലിറ്റിക്ക് 3 ലക്ഷം രൂപ സമ്മാനം നൽകി. ജില്ലാതലത്തിൽ മറവന്തുരുത്ത്, തൃക്കൊടിത്താനം, വെള്ളാവൂർ എന്നീ ഗ്രാമ പഞ്ചായത്തുകൾ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇവക്കു 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.

 

 പ്രസ്തുതത കാലയളവിൽ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയ ഫണ്ട്, നടപ്പാക്കിയ പദ്ധതികൾ, നൂതന ആശയങ്ങൾ, വിവിധ ആരോഗ്യ പരിപാടികളിൽ കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല സംഘങ്ങളാണ് അവാർഡ് നിർണയം നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാ ജിമ്മി അവാർഡുകൾ വിതരണംചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സബ് കളക്ടർ രാജീവ് കുമാർ ചൗധരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വര്ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി എൻ വിദ്യാധരൻ, ആർദ്രം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ അജയ് മോഹൻ ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ തുടങ്ങിയവർ സംസാരിച്ചു.