പ്രതിസന്ധി ഘട്ടങ്ങളിൽ കരുതലിന്റെ പ്രതിരോധം തീർക്കാൻ കോട്ടയത്തിനു നിങ്ങളെയും വേണം, ജില്ലയിൽ സിവിൽ ഡിഫൻസ് വോളണ്ടിയർ ആകാൻ അവസരം.


കോട്ടയം: പ്രളയവും കോവിടുമടക്കം മഹാമാരികൾ ഒന്നിന് പിന്നാലെ മറ്റൊന്നായി അപ്രതീക്ഷിതമായി എത്തുമ്പോൾ ദുരന്തമുഖത്ത് വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങൾക്ക് ഈ മഹാമാരിക്കാലത്ത് കരുതലിന്റെ പ്രതിരോധം തീർത്ത ജില്ലയുടെ സിവിൽ ഡിഫൻസ് സേനയുടെ ഭാഗമാകാൻ അവസരം. കോട്ടയം ജില്ലയിലെ എട്ട് അഗ്‌നിരക്ഷാ നിലയങ്ങളിലും 50 വീതം വോളണ്ടിയർമാരെയാണ് തിരഞ്ഞെടുക്കുന്നത്. 18 വയസ് പൂർത്തിയായവരും പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ താത്പ്പര്യവുമുള്ളവർ www.cds.fire.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ദുരന്തമുഖത്ത് അടിയന്തിര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച ദൗത്യ സേനയാണ് കേരളാ സിവിൽ ഡിഫൻസ് ഫോഴ്സ്. യുവാക്കളും യുവതികളുമടങ്ങുന്ന പരിശീലനം ലഭിച്ച അംഗങ്ങളാണ് സംഘത്തിലുള്ളത്. തദ്ദേശവാസികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുകയും പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയാണ് സിവിൽ ഡിഫൻസിന്റെ ലക്ഷ്യം. എല്ലാ അഗ്നിരക്ഷാ നിലയങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്. പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകുന്നത്.  പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്‌നിബാധാ നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും പരിശീലനം നൽകുന്നത്. വിശദവിവരങ്ങൾക്ക് അടുത്തുള്ള അഗ്‌നി രക്ഷാ നിലയവുമായി ബന്ധപ്പെടുക.