ജന്മദിനം മരിയസദനിൽ ആഘോഷമാക്കി റിമി ടോമി.


പാലാ: ജന്മദിനം പാലാ മരിയസദനിൽ ആഘോഷമാക്കി ഗായികയും നടിയും കോട്ടയം പാലാ സ്വദേശിനിയുമായ റിമി ടോമി. മുൻപും റിമി ടോമി തന്റെ ജന്മദിനം പാലാ മരിയസദനിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചിട്ടുണ്ട്.

മരിയസദനിലെ അന്തേവാസികൾക്കൊപ്പം പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവെച്ചും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുമാണ് ഇത്തവണ റിമി ടോമി തന്റെ ജന്മദിനം ആഘോഷമാക്കിയത്. മരിയസദനിലെ അന്തേവാസികൾക്ക് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു റിമിയുടെ ജന്മദിനം. കോവിഡ് മഹാമാരി പിടി മുറുകിയതോടെ കഴിഞ്ഞ ഒരു വർഷത്തിലധികമായി മരിയസദനിൽ ആഘോഷ പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. റിമിക്കൊപ്പം വിശേഷങ്ങൾ പങ്കിട്ടും തമാശകൾ പറഞ്ഞും ഒപ്പം പാട്ടു പാടിയും മരിയസദനിലെ അന്തേവാസികൾ ജന്മദിനം ആഘോഷമാക്കി. തന്റെ അടുത്ത ജന്മദിനവും മരിയസദനിൽ ആഘോഷിക്കുമെന്നു എല്ലാവർക്കും ഉറപ്പ് നൽകിയാണ് മടങ്ങിയത്.