14 ലക്ഷം ഡോസ് പിന്നിട്ടു കോട്ടയം ജില്ലയിലെ കോവിഡ് വാക്സിനേഷന്‍.


കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ 14 ലക്ഷം ഡോസ് പിന്നിട്ടു. ഇന്നലെ വരെ 1404047 ഡോസുകളാണ് നല്‍കിയത്. 992745 പേര്‍ ആദ്യ ഡോസും 411302 പേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചു. ഇതില്‍ 573548 ഡോസും നല്‍കിയിട്ടുള്ളത് അറുപതു വയസിനു മുകളിലുള്ളവര്‍ക്കാണ്. 45-60 പ്രായപരിധിയിലുള്ളവര്‍ക്ക് 442419 ഡോസുകളും 18-44 പ്രായപരിധിയുള്ളവര്‍ക്ക് 388080 ഡോസുകളും നല്‍കി.

 

 1285359 ഡോസ് കോവിഷീല്‍ഡും 118688 ഡോസ് കോവാക്സിനുമാണ് നല്‍കിയത്. 742572 ഡോസ് വാക്സിൻ സ്ത്രീകളും 661205 ഡോസ് വാക്സിൻ പുരുഷന്‍മാരുമാണ് സ്വീകരിച്ചത്. കോവിഡ് രോഗബാധ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മുതിർന്നവരുടെ വാക്‌സിനേഷൻ ഓഗസ്റ്റ് 15നു മുൻപ് പൂർത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 60 വയസു പൂർത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

ലഭ്യമായ വാക്സിന്‍ പ്രധാനമായും ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്കാണ് നല്‍കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് അറിയിക്കുമ്പോള്‍ ഇവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. 60 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാകുകയും കൂടുതല്‍ വാക്സിന്‍ ലഭ്യമാകുകയും ചെയ്യുന്ന മുറയ്ക്ക് ഒന്നാം ഡോസ് ലഭിക്കാത്ത 60 വയസിനു താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.