തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ രീതിയിൽ മാറ്റം. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ തുടർന്ന് വരുന്ന ലോക്ക് ഡൗൺ രീതികൾ മാറ്റുന്നതിന് വിദഗ്ധ സമിതി ശുപാർശ നൽകിയിരുന്നു. തദ്ദേശ സ്ഥാപന മേഖലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം രോഗബാധിതർ കൂടുതലായുള്ള മേഖലകളിൽ നിയന്ത്രണം ശക്തമാക്കുകയും മറ്റു മേഖലകളിൽ ഇളവുകൾ അനുവദിക്കുകയും ചെയ്യും.
ടി പി ആർ വിഭാഗീകരണത്തിനു പകരം ഒരാഴ്ച്ചത്തെ രോഗികളുടെ എണ്ണം കണക്കാക്കിയാണ് പ്രാദേശികമായി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്. ആയിരത്തിൽ എത്ര രോഗബാധിതർ എന്ന് കണക്കാക്കിയായിരിക്കും രോഗബാധിത മേഖല നിർണ്ണയിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് ഇനി മുതൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും പ്രവർത്തിക്കാം. ശനിയാഴ്ച്ച ലോക്ക് ഡൗൺ ഒഴിവാക്കുകയും ഞായറാഴ്ച്ച ലോക്ക് ഡൗൺ തുടരുകയും ചെയ്യും. ഇളവുകൾ അടുത്തയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. ഇളവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും.