ഇരട്ട സഹോദരങ്ങളു​ടെ ആത്മഹത്യ: മൃതദേഹവുമായി ബാങ്കിലേക്കെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.


കോട്ടയം: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയത്ത് ആത്മഹത്യ ചെയ്ത ഇരട്ട സഹോദരങ്ങളു​ടെ മൃതദേഹവുമായി ബാങ്കിലേക്കെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. മൃതദേഹവുമായി കോട്ടയം മണിപ്പുഴ അർബൻ സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധിക്കാനുള്ള നീക്കമാണ് പോലീസ് തടഞ്ഞത്.

മൃതദേഹവുമായി എത്തിയ ആംബുലൻസും പ്രതിഷേധക്കാരെയും പോലീസ് കോടിമത നാലുവരിപ്പാതയിൽ പോലീസ് തടയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ (34) എന്നിവരാണ് വീടിനുള്ളിലെ മുറികളിൽ ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ഇവരുടെ മാതാവ് ഫാത്തിമ,ആയാണ് ഇരുവരെയും മുറികൾക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

തുടർന്ന് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു ഇവരുടെ തീരുമാനം. കോട്ടയം,ചങ്ങനാശ്ശേരി ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹമാണ് പ്രതിഷേധക്കാരെ തടഞ്ഞത്. എസ് ഡി പി ഐ പ്രവർത്തകരും പോലീസും തമ്മിൽ സംഭവസ്ഥലത്ത് തർക്കമുണ്ടായി. തഹസിൽദാർ സ്ഥലത്തെത്തി വിഷയത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ മൃതദേഹവുമായി വീട്ടിലേക്ക് പോയത്. മൃതദേഹം താഴത്തങ്ങാടി ജുമാ മസ്​ജിദിൽ സംസ്‌കരിക്കും. ക്രെയിൻ ഓപ്പറേറ്റർ ജോലിയും വർക്ക് ഷോപ്പ് ജോലിയും ചെയ്യുന്നവരായിരുന്നു ഇരുവരും. കോവിഡ് വ്യാപനത്തെ തുടർന്ന് ഇരുവർക്കും നാളുകളായി വരുമാനം നിലച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി പണം തിരിച്ചടയ്ക്കണമെന്നും ജപ്തി നടപടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. സംഭവത്തിൽ ബാങ്ക് മാനേജര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ് ആവശ്യപ്പെട്ടു.