സപ്ലൈകോ ഓണം കോട്ടയം ജില്ലാ ഫെയർ ഉദ്ഘാടനം ബുധനാഴ്ച്ച.


കോട്ടയം: സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയർ ബുധനാഴ്ച്ച ആരംഭിക്കും. ഉദ്ഘാടനം സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ വൈകുന്നേരം 4.30 ന് ഓൺലൈനില്‍ നിർവ്വഹിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

 

 കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി ആദ്യ വില്പന നിർവഹിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സംസാരിക്കും. സപ്ലൈകോ മേഖലാ മാനേജർ ഇൻ-ചാർജ് എം. സുരേഷ് കുമാർ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി നന്ദിയും പറയും. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കുടുംബശ്രീ, ഹോർട്ടികോർപ്പ് എന്നിവയുടെ പങ്കാളിത്തതോടെ കെ.പി.എസ് മേനോന്‍ ഹാളില്‍ നടത്തുന്ന ജില്ലാതല ഓണം ഫെയർ ഈ മാസം 20 വരെ തുടരും.

താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ ഓഗസ്റ്റ് 16ന് സപ്ലൈകോ വിപണന കേന്ദ്രങ്ങളോടു ചേര്‍ന്ന് ആരംഭിക്കും. പുതുപ്പള്ളി , ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം എന്നിവിടങ്ങളിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പൊൻകുന്നം സപ്ലൈകോ പീപ്പിൾസ് ബസാറിലുമാണ് ഓണം താലൂക്ക് ഫെയറുകള്‍. കടുത്തുരുത്തി, ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഓണം മാർക്കറ്റും മറ്റ് എല്ലാ സപ്ലൈകോ ഔട്ട് ലെറ്റുകളിലും ഓണം മിനി ഫെയറുകളും പ്രവർത്തിക്കും.