വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ചു പ്രധാനമന്ത്രി, പഴയ വാഹനം പൊളിച്ചു പുതിയ വാഹനം വാങ്ങുന്നവർക്ക് റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ്.


ന്യൂഡൽഹി: രാജ്യത്ത് പഴയ വാഹനങ്ങൾ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അംഗീകൃത ഫിറ്റ്നസ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ പൊളിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുക. പഴയ വാഹനം പൊളിച്ചു പുതിയ വാഹനം വാങ്ങുന്നവർക്ക് കൂടുതൽ ഇളവുകളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 പഴയ വാഹനങ്ങൾ പൊളിച്ചു പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് ലഭിക്കും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും എന്നതാണ് കാലാവധി. ഫിറ്റ്നസ് പരിശോധനയ്ക്കായി എല്ലാ ജില്ലകളിലും സെന്റർ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ പൊളിച്ചു നീക്കുന്നതിലൂടെ രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ലായി ആണ് സ്ക്രാപ്പേജ് പോളിസി പ്രധാനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.

 

 കേന്ദ്രസർക്കാരിന്റെ പുതിയ വാഹന പൊളിക്കൽ നയം ജനങ്ങൾക്ക് വളരെ പ്രയോജനകരമാണെന്നും പ്രകൃതി മലിനീകരണമുക്തമാകുമെന്നും കൂടുതലായിരുന്ന പഴയ വാഹന പരിപാലന ചെലവും ഉയർന്ന ഇന്ധന ചെലവും കുറയ്ക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാഹനങ്ങളുടെ അനുവദനീയമായ പരമാവധി കാലപ്പഴക്കത്തിനൊപ്പം ഫിറ്റ്നസ് കൂടി പരിശോധിച്ച ശേഷമായിരിക്കും വാഹനങ്ങൾ പൊളിക്കുന്നത്.

 

 പുതിയ നയത്തിലൂടെ രാജ്യത്ത് വാഹന ഫിറ്റ്നസ് കേന്ദ്രങ്ങളിലും പൊളിക്കൽ കേന്ദ്രങ്ങളിലുമായി 30000 ലധികം തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പുതിയ രീതിയിലുള്ള ഫിറ്റ്നസ് ടെസ്റ്റ് വാണിജ്യ വാഹനങ്ങൾക്ക് 2023 ഏപ്രിൽ മുതലും സ്വകാര്യ വാഹനങ്ങൾക്ക് 2024 ജൂൺ  മുതലും നിർബന്ധമാക്കിയേക്കും.