കോട്ടയത്തിന്റെ പിങ്ക് വസന്തം: മലരിക്കൽ ആമ്പൽ ഫെസ്റ്റ് മന്ത്രി വി എൻ വാസവൻ ഉത്‌ഘാടനം ചെയ്തു.


കോട്ടയം: കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു വിസ്മയ കാഴ്ച്ചയൊരുക്കുന്ന കോട്ടയത്തിന്റെ പിങ്ക് വസന്തമായ മലരിക്കൽ ആമ്പൽ ഫെസ്റ്റ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് കെ മേനോൻ, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, കെ അനിൽകുമാർ, ജില്ലാ ടൂറിസം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 മലരിക്കളിലെ ആമ്പൽ വിസ്മയം ടൂറിസം ഭൂപടത്തിൽ വളരെയധികം ശ്രദ്ധ നേടുമെന്നും വി എൻ വാസവൻ പറഞ്ഞു. ഇടുക്കി മേഖലയിൽ 12 വര്ഷത്തിലൊരിക്കല് നീലക്കുറിഞ്ഞി പൂക്കുന്ന കാഴ്ച്ച കാണാൻ വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നത് പോലെ എല്ലാ വർഷവും കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി സഞ്ചാരികൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മലരിക്കൽ ഉൾപ്പെടുന്ന മേഖലയും ഉത്തരവാദിത്വ ടൂറിസത്തിന്റെ യൂണിറ്റുകളാണ് മാറ്റാനുള്ള തീരുമാനമെടുത്തിട്ടുള്ളതായും മന്ത്രി പറഞ്ഞു.

മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ പൂത്തുലഞ്ഞു കോട്ടയത്തിനു പിങ്ക് വസന്തം സമ്മാനിക്കുകയാണ് ആമ്പൽപ്പൂക്കൾ. ആമ്പൽപാടങ്ങളിലേക്ക് പ്രവേശനം പാസ്സ് മൂലമാണ്. കാഞ്ഞിരം പാലം വരെ മാത്രമാണ് വാഹനങ്ങൾക്ക് അനുമതി. ഇവിടെയുള്ള കൗണ്ടറിൽ നിന്നും ഒരാൾക്ക് 30 രൂപ നിരക്കിൽ പാസ്സ് ലഭ്യമാകും.

ആമ്പൽപ്പാടത്തിലൂടെ വള്ളത്തിൽ യാത്ര ചെയ്യാനും അനുമതിയുണ്ട്. കോട്ടയം കുമരകം റൂട്ടിൽ മലരിക്കലും പനച്ചിക്കാട് അമ്പാട്ടുകടവിലുമാണ് ആമ്പൽ വസന്തം പൂത്തുലഞ്ഞു നിൽക്കുന്നത്. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക.