ക്ഷേമ പെന്‍ഷന്‍; കോട്ടയം ജില്ലയില്‍ വിതരണം ചെയ്യുന്നത് 29.35 കോടി രൂപ.


കോട്ടയം: ഓണത്തിനു മുന്‍പ് കോട്ടയം ജില്ലയില്‍ 94837 പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി ജില്ലയ്ക്ക് 29.35 കോടി രൂപ ലഭിച്ചതായി സഹകരണ ജോയിൻ്റ് രജിസ്ട്രാർ എൻ. അജിത് കുമാർ അറിയിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തുക ചേര്‍ത്ത് 3200 രൂപയാണ് ഈ മാസം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.

 

 ജില്ലയിലെ 126 സർവീസ് സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കാണ് ഏറ്റവും കൂടുതൽ പേർക്ക് പെൻഷൻ വിതരണം നടത്തുന്നത് . 2751 പെൻഷൻ ഗുണഭോക്താക്കളാണ് ഇവിടെയുള്ളത്.

ബാങ്കുകൾ ചുമതപ്പെടുത്തിയിട്ടുള്ള ഏജൻ്റുമാരാണ് പെന്‍ഷന്‍ വീടുകളിൽ എത്തിച്ച് നൽകുന്നത്. ഓണത്തിന് മുമ്പായി വിതരണം പൂർത്തിയാക്കി ഓഗസ്റ്റ് 31 നകം റിപ്പോർട്ട് നൽകണമെന്നാണ് ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം.