കോവിഡ്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം, അവലോകന യോഗം ഇന്ന്.


തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങള് മാറ്റം വരുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കും. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പിലാക്കിയിരിക്കുന്നത്.   

രോഗവ്യാപനം കൂടുതലുള്ള തദ്ദേശ മേഖലകളിലെ വാർഡുകളിൽ മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ നടപ്പിലാക്കാനായിരിക്കും നിർദ്ദേശം ഉണ്ടാകുക. വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കടകളുടെ പ്രവർത്തന സമയം കുറയ്ക്കുന്നതും അശാസ്ത്രീയമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുകയോ ഞായറാഴ്ച്ച മാത്രമാക്കി ചുരുക്കാനും സാധ്യതയുണ്ട്.

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയവും പ്രവർത്തനവും ദിവസവും കുറയ്ക്കുന്നത് ആൾക്കൂട്ടത്തിനു കാരണമാകുന്നുണ്ടെന്നും പോലീസ് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം ടി പി ആർ 10 നു മുകളിലുള്ള ജില്ലകയിൽ കർശന നിയന്ത്രണം വേണമെന്ന നിലപാടിലാണ് കേന്ദ്രസർക്കാരും സുപ്രീംകോടതിയും. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നിലവിലെ നിയന്ത്രണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു വ്യാപാരികളും ജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ടി പി ആർ അടിസ്ഥാനാമാക്കി നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടും രോഗവ്യാപനത്തിനു കുറവില്ലാത്തതാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിനായി സർക്കാർ തീരുമാനമെടുത്തത്.