കോട്ടയം ജില്ലയിൽ കോവിഡ് മരണ നിരക്ക് ഉയരുന്നു, ഇന്നലെ വരെ സ്ഥിരീകരിച്ചത് 847 മരണങ്ങൾ.


കോട്ടയം: ജില്ലയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം ആശങ്ക പടർത്തുകയാണ് ജില്ലയിലെ കോവിഡ് മരണങ്ങൾ. കോട്ടയം ജില്ലയിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. ജില്ലയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് മുതൽ ഇന്നലെ വരെ ജില്ലയിലെ 847 മരങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

 

 2020 ജൂലൈ 27 നാണു ജില്ലയിൽ ആദ്യമായി കോവിഡ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ജില്ലയിൽ സ്ഥിരീകരിച്ചത് 4 കോവിഡ് മരണങ്ങളാണ്.  പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം മരണ നിരക്കും ഉയരുന്നത് ജില്ലയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലയിൽ 16 മരണങ്ങളാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്.

 

 മാർച്ച് മാസത്തിൽ 17 മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ തുടർന്ന് വന്ന മാസങ്ങളിലും കോവിഡ് മരണങ്ങളുടെ തോത് ഉയർന്നു. ജോൺ മാസത്തിൽ 117 മരണങ്ങളാണ് ജില്ലയിൽ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ജൂലായ് മാസം 129 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഓഗസ്റ്റ് മാസത്തിൽ ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ സ്ഥിരീകരിച്ചത് 166 കോവിഡ് മരണങ്ങളാണ്.

ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 847 ആയി. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 20,313 ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം.