ഐഷ രാജുവിനു അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകി കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസ്.


കോട്ടയം: ഐഷ രാജുവിനു ഇനി അടച്ചുറപ്പുള്ള വീട്ടിൽ ധൈര്യമായി അന്തിയുറങ്ങാം. കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസ് പങ്കാളിത്തത്തോടെ വേളൂർ കല്ലുപുരക്കലിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാന കർമ്മം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിച്ചു.

 

 28 വർഷത്തോളമായി കോടിമത പാലത്തിനു താഴെ പുറമ്പോക്കിൽ താമസിച്ചിരുന്ന ഐഷ രാജുവിനാണ് ജനമൈത്രി പോലീസ് പങ്കാളിത്തത്തോടെ വീട്‌ നിർമ്മിച്ചു നൽകിയത്. റോട്ടറി ക്ലബ്‌ കൊച്ചിൻ മെട്രോപോളീസ്‌ എന്ന സംഘടനയാണ് ഭവന നിർമാണത്തിൽ മുഖ്യ പങ്കു വഹിച്ചത്.

മാണിക്കുന്നം സ്വദേശിയായ ഷാജി ജേക്കബ് ആണ് വീട് നിർമ്മിക്കാൻ ഉള്ള സ്ഥലം സൗജന്യമായി നൽകിയത്. വീടിന്റെ താക്കോൽദാന ചടങ്ങിൽ കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസയർപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഉപഹാര സമർപ്പണം നടത്തി.