കോട്ടയത്തിന് പുതിയ വ്യവസായ ലോകം തുറന്നു റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസവുമായി എത്തുന്നു കേരള റബ്ബര്‍ ലിമിറ്റഡ്.


കോട്ടയം: റബ്ബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കേരള റബ്ബര്‍ ലിമിറ്റഡ് ഉടനെ പ്രവര്‍ത്തനമാരംഭിക്കും എന്ന് സകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഈ പുതിയ സംരംഭം റബ്ബര്‍ കര്‍ഷകര്‍ക്ക് മുന്നിലും വമ്പിച്ച സാധ്യതകള്‍ തുറക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

 

 കേരളത്തിലെ റബര്‍ കര്‍ഷകരെ സംബന്ധിച്ചടത്തോളം വളരെ ആശ്വാസകരമാണ് ഈ വാര്‍ത്ത. കേന്ദ്രസര്‍ക്കാര്‍ വില്പനയ്ക്ക് വച്ച പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം അവിടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്താണ് കേരള റബ്ബര്‍ ലിമിറ്റഡിന്റെ പുതിയ സംരംഭങ്ങള്‍ എത്തുന്നത്. ഇത് കോട്ടയത്തെ യുവജനങ്ങള്‍ക്കും യുവ സംരംഭകര്‍ക്കും കൂടുതല്‍ ആഹ്ലാദം നല്‍കുന്ന ഒരു കാര്യമാണ്. പുതിയ റബര്‍ ഉല്‍പ്പന്നങ്ങളും അതോടൊപ്പം സംഭരണശാലയും എല്ലാം ചേര്‍ന്ന് കോട്ടയത്തിന് പുതിയ വ്യവസായ ലോകം തുറക്കുകയായിരിക്കും ഇതിലൂടെ.

 

 ഏറെ നാളുകളായി കേരളത്തിലെ റബര്‍ കര്‍ഷകര്‍ കാത്തിരുന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാവുന്നത്. റബ്ബര്‍ ഉല്പാദിപ്പിക്കുമ്പോഴും അത് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു കര്‍ഷകരെ അലട്ടിയിരുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ ഏറെ പ്രഖ്യാപിച്ചിട്ടും പ്രമുഖ കമ്പനികള്‍ വിപണിയില്‍ നിന്ന് വിട്ട് നിന്നത് കര്‍ഷകരെ അലട്ടിയിരുന്നു. സ്വന്തം നാട്ടില്‍ തന്നെ കൂടുതല്‍ സംരംഭങ്ങള്‍ എത്തുന്നതോടെ കര്‍ഷകര്‍ക്ക് വന്‍കിട കമ്പനികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും അനുയോജ്യമായ നേതൃത്വമാണ് ഇതിന്റെ അമരത്തെത്തുന്നത്. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ കേരള റബ്ബര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടറായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസിനെ നിയമിച്ചു. അഞ്ചംഗ ഡയറക്ടര്‍ ബോര്‍ഡും ഇതോടൊപ്പം നിലവില്‍ വന്നു കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്ന ഈ കമ്പനിക്കൊപ്പം വികസനത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കാൻ ഇതിലൂടെ സാധ്യമാകും.