ഓട്ടുപാലിൽ കരിങ്കല്, മണിമലയിൽ റബ്ബർ വ്യാപാരിയെ കബളിപ്പിച്ചു, ലഭിച്ചത് 25 കിലോ കരിങ്കല്ല്.


മണിമല: ഓട്ടുപാലിൽ കരിങ്കല്ല് വെച്ച് മണിമലയിലെ റബ്ബർ വ്യാപാരിയെ കബളിപ്പിച്ചു. മണിമല മാർക്കറ്റ് ജംഷനിലെ റബ്ബർ വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. 50 കിലോയോളം ഉണങ്ങിയ ഓട്ടുപാലുമായി എത്തിയ ആളാണ് വ്യാപാരിയെ പറ്റിച്ചു കടന്നു കളഞ്ഞത്.

 

 മുൻപരിചയം ഇല്ലാത്ത വ്യക്തിയായതിനാൽ സമീപ കടകളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കടയിൽ തിരക്കുണ്ടായിരുന്നു സമയത്താണ് ഇയാൾ കരിങ്കല്ല് വെച്ച ഓട്ടുപാലുമായി കടയിലെത്തിയത്. പുറം നന്നായി ഉണങ്ങിയിരുന്നതിനാൽ വ്യാപാരി കൂടുതലായി ശ്രദ്ധിച്ചതുമില്ല. 50 കിലോ ഓട്ടുപാൽ കിലോയ്ക്ക് 115 രൂപ നിരക്കിലാണ് വ്യാപാരി എടുത്തത്. ഇന്നലെ ലോഡ് കയറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് സംശയം തോന്നിയതിണ് തുടർന്ന് ഓട്ടുപാൽ പൊളിച്ചു നോക്കിയത്. 

 

 ഓരോ ഓട്ടുപാൽ കട്ടയിലും അരകിലോയോളം തൂക്കം വരുന്ന കരിങ്കല്ല് കഷണങ്ങളാണ് ലഭിച്ചത്. ഇത്തരത്തിൽ 25 കിലോയോളം കല്ലാണ് ഓട്ടുപാലിൽ നിന്നും വേർതിരിച്ചത്. റബ്ബർ പാൽ വലിയ പ്ലാസ്റ്റിക്ക് ചിറയിൽ ഒഴിച്ച് ഇതിലേക്ക് കരിങ്കല്ല് ഇറക്കി ഉണക്കി എടുത്താണ് കബളിപ്പിക്കലിനായി ഉപയോഗിച്ചത്. സമാനരീതിയിൽ മറ്റു റബ്ബർ വ്യാപാര കേന്ദ്രങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ഇപ്പോൾ മേഖലയിലെ വ്യാപാരികൾ.