പാലിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ജില്ലയിൽ സംവിധാനം.

കോട്ടയം: ഓണക്കാലത്ത്  വിപണിയിൽ ലഭിക്കുന്ന പാലിൻ്റെ ഗുണ നിലവാരം ഉറപ്പാക്കാൻ ക്ഷീര വികസന വകുപ്പ്  പരിശോധന സംവിധാനം ഏർപ്പെടുത്തി.  കോട്ടയം ഈരയിൽ കടവിൽ പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിനോടനുബന്ധിച്ചുള്ള ലാബിൽ ആഗസ്റ്റ് 20 വരെ സൗജന്യമായി പാൽ പരിശോധന നടത്താം.

 

 ഓണക്കാലത്തെ പാലിന്‍റെ  വർദ്ധിച്ച ആവശ്യം കണക്കിലെടുത്താണ് പ്രത്യേക പരിശോധന. ഗുണമേന്മയുള്ള പാൽ ഉപയോഗം ഉറപ്പാക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിലെ മായം കണ്ടെത്തുകയുമാണ് ലക്ഷ്യം. ജില്ലാപഞ്ചായത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത് പ്രസിഡന്റ് നിർമല ജിമ്മി ഉത്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി സ്  ശരത് ആദ്യ സാമ്പിൾ സ്വീകരണം നടത്തി. ഓണകാലത്തു വിവിധ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിൽ എത്തുന്ന പാലിന്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനോടൊപ്പം വിപണിയിൽ ലഭ്യമായ വിവിധ ബ്രാൻഡു പാലിന്റെ പരിശോധനയും ഇവിടെ നടത്തുന്നുണ്ട്. പാലിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലാബ് പ്രവർത്തിക്കും. പരിശോധനക്കായി പാക്കറ്റ് പാലുകൾ പൊട്ടിക്കാതെയും അല്ലാത്തവ കുറഞ്ഞത് 200 മില്ലീ ലിറ്ററും കൊണ്ട് വരണം.