ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിനു പുതിയ ടെർമിനൽ, മാസ്റ്റർ പ്ലാൻ ധാരണയായി.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിനു പുതിയ ടെർമിനൽ നിർമ്മാണത്തിനുള്ള മാസ്റ്റർ പ്ലാൻ ധാരണയായതായി എം എൽ എ ജോബ് മൈക്കിൾ പറഞ്ഞു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് അടങ്കൽ തുകയായ 5 കോടി 15 ലക്ഷം രൂപ ലഭ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

 

 ജില്ലാ കളക്ടറുമായും കെ എസ് ആർ ടി സി എംഡി യുമായും എം എൽ എ ചർച്ച നടത്തിയിരുന്നു. തുടർന്ന് കെഎസ്ആർടിസി അടിയന്തരമായി ബോർഡ് മീറ്റിംഗ് കൂടുകയും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി  എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് നെ ചുമതലപ്പെടുത്തുകയും വളരെ വേഗത്തിൽ മാസ്റ്റർ പ്ലാൻ  തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഏജൻസി മാസ്റ്റർ പ്ലാൻ തയ്യാറാക്കി കെഎസ്ആർടിസി അധികൃതരുടെയും എം.എൽ.എ യുടെയും അംഗീകാരത്തിനു വേണ്ടി സമർപ്പിക്കുകയുമായിരുന്നു.

 

 ഈ മാസ്റ്റർ പ്ലാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. നിലവിലെ കെട്ടിടം നാളുകളായി അപകടാവസ്ഥയിലായിരുന്നു. പഴയ കെട്ടിടം പൊളിച്ചു നീക്കിയതിനു ശേഷമായിരിക്കും പുതിയ ടെർമിനലിന്റെ നിർമ്മാണം ആരംഭിക്കുക. ഹൈടെക് മൾട്ടിലെവൽ പാർക്കിങ് സിസ്റ്റം ഉൾപ്പടെ ഭാവിയിലെ വികസന സാധ്യതകളും മുൻ കൂട്ടി കണ്ടുകൊണ്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത് എന്ന് എം എൽ എ ജോബ് മൈക്കിൾ പറഞ്ഞു. കെ എസ് ആർ ടി സി  എസ്റ്റേറ്റ് ഓഫീസർ എം വിനോദ്, ഡിടിഓ  പി അനിൽ  കുമാർ, മുൻ ബോർഡ് മെമ്പർ സണ്ണി തോമസ്, എച്ച്എൽഎൽ പ്രൊജക്റ്റ് മേധാവി ഹരികൃഷ്ണൻ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. 35500 ചതുരശ്രഅടി ഡ്രൈവിംഗ് യാർഡും 18,000 ചതുരശ്ര അടി കെട്ടിട സമുച്ചയവും ഉൾപ്പെടുന്നതാണ് പുതിയ ബസ് ടെർമിനൽ. സ്റ്റേഷൻ മാസ്റ്റർ റൂം, കൺട്രോൾ ഇൻസ്പെക്ടർ റൂം, പോലീസ് എയ്ഡ് പോസ്റ്റ്, ഫസ്റ്റ് എയ്ഡ് റൂം, പുരുഷൻമാർക്കും സ്ത്രീകൾക്കും ശൗചാലയങ്ങളോടുകൂടിയ വിശ്രമ മുറികൾ, റിസർവേഷൻ ഓഫീസ്, എൻക്വയറി ഓഫീസ്, ഭിന്ന ശേഷിക്കാർക്കുള്ള ശൗചാലയങ്ങൾ തുടങ്ങിയവ താഴത്തെ നിലയിലും, കഫെറ്റീരിയ,ശീതീകരിച്ച വിശ്രമമുറി, ക്ലോക്ക് റൂം, ടേക്ക് എ ബ്രേക്ക്, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ-കിടപ്പുമുറികൾ,ശൗചാലയങ്ങൾ, ഓഡിയോ വിഷ്വൽ തുടങ്ങിയ സൗകര്യങ്ങൾ മറ്റു നിലകളിലും സജ്ജമാക്കും. ദീർഘദൂര ബസുകൾക്കും ഹ്രസ്വദൂര ബസുകൾക്കും പ്രത്യേകം പാർക്കിംഗ് ഏരിയ മാസ്റ്റർ പ്ലാനിൽ ഉൾപെടുത്തിയി ട്ടുണ്ട്. എംസി റോഡിനോട് ചേർന്ന് സ്വകാര്യവാഹന പാർക്കിംഗിനുള്ള സൗകര്യവും  മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള പെട്രോൾ പമ്പ് അവിടെ നിന്നും മാറ്റി ഭാവിയിൽ പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ പ്രത്യേക സ്ഥലം  കരുതിയിട്ടുണ്ട്. 50 വർഷത്തിലധികം പഴക്കമുള്ളതും ജീർണ്ണാവസ്ഥയിലും അപകടസ്ഥിതിയിലും ഉള്ളതുമായ നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റിയതിനുശേഷം ആയിരിക്കും പുതിയ ടെർമിനൽ പണിയുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ താൽക്കാലിക കാത്തിരിപ്പുകേന്ദ്രം ഈ അവസരത്തിൽ തയ്യാറാക്കും.