ഈസ് ഓഫ് ലിവിംഗ് സര്‍വേക്ക് കോട്ടയം ജില്ലയിൽ തുടക്കമായി, ജില്ലയില്‍ എസ്.ഇ.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട 90184 കുടുംബങ്ങള്‍ സര്‍വേയുടെ പരിധിയില്‍ വരും.


കോട്ടയം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ എസ്.ഇ.സി സെന്‍സസിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനുള്ള ഈസ് ഓഫ് ലിവിംഗ് സര്‍വ്വേക്ക് ഇന്ന് തുടക്കമായി. ഗ്രാമ വികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്.

കോട്ടയം ജില്ലയില്‍ എസ്.ഇ.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട 90184 കുടുംബങ്ങള്‍ സര്‍വേയുടെ പരിധിയില്‍ വരും. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോയാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആര്‍.ടി.ടി അംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവരശേഖരണച്ചുമതല വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കാണ്.

വീട്, തൊഴില്‍, ആരോഗ്യ സുരക്ഷ, വാക്‌സിനേഷന്‍, റേഷന്‍ കാര്‍ഡ്, പാചകവാതകം, വൈദ്യുതി, ബാങ്ക് അക്കൗണ്ട്, ലൈഫ് ഇന്‍ഷുറന്‍സ്, ശൗചാലയം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരശേഖരണമാണ് നടത്തുന്നത്. നിശ്ചിത ഫോറത്തില്‍ വിവരശേഖരണം നടത്തി മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് അപ് ലോഡ് ചെയ്യുന്നത്. സര്‍വ്വേ ജൂലൈ 20ന് അവസാനിക്കും.