അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയുടെ രേഖ ഉറപ്പാക്കും; മന്ത്രി കെ. രാജന്‍.


കോട്ടയം: സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും കൈവശമുള്ള ഭൂമിയുടെ രേഖ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോട്ടയം കളക്ടറേറ്റില്‍ ഇന്നലെ ജില്ലാ കളക്ടറുമായും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ ജനങ്ങള്‍ക്ക് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ പട്ടയം ലഭ്യമാക്കാന്‍ കഴിയണം. ഇതിന് നിയമപരിരക്ഷയോ ഉത്തരവോ സ്പഷ്ടികരണമോ ആവശ്യമെങ്കില്‍ ഉറപ്പാക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 1.53 ലക്ഷം പട്ടയങ്ങള്‍ നല്‍കിയിരുന്നു. ഇക്കുറി ചുരുങ്ങിയത് അഞ്ചു ലക്ഷം പട്ടയങ്ങളെങ്കിലും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നൂറു ദിവസംകൊണ്ട് പട്ടയവും പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ പതിനാറായിരത്തോളം രേഖകള്‍ കൊടുക്കാനാകും. സര്‍ക്കാരിന്റെ ഒരുതരി മണ്ണുപോലും അനര്‍ഹമായി ആരും കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം.

ഇതിനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. എല്ലാവര്‍ക്കും ഭൂമിയും എല്ലാ ഭൂമിക്കും രേഖയും നല്‍കുന്നതും സേവനങ്ങളുടെ ആധുനികവത്കരണവും കാലഘട്ടത്തിന്റെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടതുണ്ട്. സേവനങ്ങളെ പൂര്‍ണമായും സ്മാര്‍ട്ടാക്കുന്നതിന് കുറഞ്ഞ കാലം മതി. അതോടൊപ്പം നിരന്തരമായ പഠനത്തിലൂടെ ഉദ്യോഗസ്ഥര്‍ സ്വയം നവീകരിക്കുകയും വേണം. ഇതിന് ഉതകുന്ന പരിശീലന സംവിധാനം വകുപ്പില്‍ ഏര്‍പ്പെടുത്തും. പ്രവര്‍ത്തന മികവ് വിലയിരുത്തി ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം നല്‍കുന്നതിനും നടപടി സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എം. അഞ്ജന, എ.ഡി.എം. ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവയുടെ കബറടക്ക ശുശ്രൂഷയുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച ആലോചനാ യോഗത്തിലും പങ്കെടുത്ത ശേഷമാണ് എം അഞ്ജന ജില്ലാ കളക്ടർ സ്ഥാനം ഒഴിഞ്ഞത്.