ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പ്: പാലാ സ്വദേശിനികളായ അമ്മയും മകളും അറസ്റ്റിൽ.


കോട്ടയം: ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന കോട്ടയം പാലാ സ്വദേശിനികളായ അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യ‍ൻ (59), അനിത (29) എന്ന‌ിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി രോഗം ബാധിച്ച കുട്ടിക്ക് വേണ്ടി ചികിത്സാ സഹായം എന്ന പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയത്.

സമൂഹമാധ്യമങ്ങളിൽ ലഭ്യമാകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്തു വ്യാജമായി സൃഷ്ടിച്ചു ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാണ് പണം തട്ടിയിരുന്നത്‌. വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും ഇവർ ചികിത്സാ സഹായം ആവശ്യപ്പെട്ടു പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. നിരവധിപ്പേരാണ് ചികിത്സാ സഹായത്തിനു എന്ന പേരിൽ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. അസി.കമ്മ‌ിഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വിപിൻ കുമാർ, എസ്ഐ സന്തോഷ് മോൻ, എഎസ്ഐ വി.എ.ഷുക്കൂർ, സിഗോഷ് പോൾ എൽവി, ഷീബ, പ്രശാന്ത് ബാബു, പ്രിയ ജിനി, ജാൻസി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് എറണാകുളത്ത് വെച്ച് ഇവരെ അറസ്റ്റ് ചെയ്തത്.

3 വർഷം മുൻപ് പാലായിലെ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നു പണം തട്ടിയ കേസിലെ‍ പ്രതിയാണ് മറിയാമ്മ. 50.60 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും തട്ടിപ്പ് നടത്തിയത്. കള്ളനോട്ട് കേസിൽ മകൻ അരുണിനെ പോലീസ് 3 വർഷങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്കിന്റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചതിനാണു അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. മകൻ പോലീസ് പിടിയിലായതോടെ മറിയാമ്മ ബാങ്കിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ട്ടപ്പെട്ടതായി ബാങ്ക് അധികൃതർ കണ്ടെത്തിയത്. ആഡംബര ജീവിതവും വലിയ തുക മുടക്കി വിദേശത്തു പോയ മകൾ ജോലി ലഭിക്കാതെ തിരികെ എത്തിയതും ഇവരെ കൊടുത്താൽ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. വ്യാജസന്ദേശം ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചത്. ഒരു ലക്ഷത്തോളം രൂപ ഇവരുടെ അക്കൗണ്ടിൽ ലഭിച്ചതായാണ് പോലീസ് നൽകുന്ന വിവരം. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ‌ഡ് ചെയ്തു.