നിയമാനുസൃതം വ്യവസായം നടത്തുന്നതിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും; മന്ത്രി പി. രാജീവ്.


കോട്ടയം: ഏതു സംരംഭകര്‍ക്കും നിയമാനുസൃതം വ്യവസായം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്വ നിക്ഷേപവും ഉത്തരവാദിത്വ വ്യവസായവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് നിയമങ്ങള്‍ ബാധകമല്ലെന്ന് പറയാനാവില്ല. നിലവിലെ ചട്ടങ്ങളിലും നിയമങ്ങളും കാലഹരണപ്പെട്ടതോ സങ്കീര്‍ണമോ അപ്രസക്തമോ ആണെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന മൂന്നംഗ കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്താം. ഇത്തരം കാര്യങ്ങള്‍ പഠിച്ച് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ എല്ലാ മാറ്റങ്ങളും വരുത്തും. വ്യവസായ സമൂഹത്തിന്റെ നിര്‍ദേശങ്ങളോടും അഭിപ്രായങ്ങളോടും വിമര്‍ശനങ്ങളോടും സര്‍ക്കാര്‍ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്.

വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ പ്രധാന ചുമതല മറ്റു വകുപ്പുകള്‍ക്കാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ വ്യവസായ വകുപ്പിനു മുന്നിലാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റാറ്റിറ്റ്യൂട്ടറി ഗ്രിവന്‍സ് അഡ്രസ് മെക്കാനിസം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യവസായത്തിന്റെ നടത്തിപ്പ്, ആധുനികവത്കരണം, വൈവിധ്യവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് നിയമാനുസൃതം ലഭിക്കേണ്ട അനുമതികളുടെ കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ല് നിയമസഭയില്‍ ഉടന്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കാലഹരണപ്പെട്ട നിയമങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ബില്ലും ഉടന്‍ കൊണ്ടുവരാനാകുമെന്ന് കരുതുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ ഓരോ വകുപ്പുകളും വേറിട്ട് പരിശോധനകള്‍ നടത്തുന്ന സ്ഥിതി ഒഴിവാക്കി കേന്ദ്രീകൃത പരിശോധനയ്ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം ഓഗസ്റ്റ് മാസത്തോടെ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂമി പാട്ടം സംബന്ധിച്ച നയങ്ങള്‍ ഏകീകരിക്കുന്നതു സംബന്ധിച്ച കരട് റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സംരംഭകര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി പരിഹാര പരിപാടികളില്‍ സമര്‍പ്പിക്കപ്പെടുന്ന പരാതികളുടെ സ്ഥിതി അറിയാന്‍ വെബ് പോര്‍ട്ടല്‍ സജ്ജമാക്കാനും തീരുമാനമെടുത്തിട്ടുണ്ട്-മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.