കോട്ടയം ജില്ലയിൽ പിടിവിട്ടു കുതിച്ചുയർന്നു കോവിഡ്, അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ 7 ഗ്രാമപഞ്ചായത്തുകൾ.


കോട്ടയം: കോട്ടയം ജില്ലയിൽ പിടിവിട്ടു കുതിച്ചുയർന്നു കോവിഡ്. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. ജൂലൈ 19 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ 7 ഗ്രാമപഞ്ചായത്തുകൾ കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുകയാണ്.

ജില്ലയിൽ ശരാശരി 500 നു മുകളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം സ്ഥിരീകരിച്ചിരുന്നതിൽ നിന്നും ഇന്ന് വീണ്ടും ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്. ഇന്ന് മാത്രം ജില്ലയിൽ 1101 പേർക്കാണ് കോട്ടയം ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 29 നു ശേഷം ഇന്നാണ് ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടക്കുന്നത്. നാളെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പുനഃക്രമീകരിച്ചു പ്രഖ്യാപിക്കും.

ജൂലൈ 19 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ കൂരോപ്പട,മണിമല,എരുമേലി, തീക്കോയി,പള്ളിക്കത്തോട്, കാരൂർ,വിജയപുരം എന്നീ ഗ്രാമപഞ്ചായത്തുകളാണ് കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ഗ്രാമപഞ്ചായത്തുകളിൽ ടി പി ആർ 15 ശതമാനത്തിനു മുകളിലാണ്. കഴിഞ്ഞ തവണ 6 തദ്ദേശ സ്ഥാപന മേഖലകളായിരുന്നു ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജൂലൈ 19 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ 29 തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് തീവ്ര വ്യാപന മേഖലയായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന സി കാറ്റഗറിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണയും സി കാറ്റഗറിയിൽ 29 തദ്ദേശ സ്ഥാപനങ്ങളായിരുന്നു ഉൾപ്പെട്ടിരുന്നത്. 32 തദ്ദേശ സ്ഥാപനങ്ങളാണ് ഭാഗിക ലോക്ക് ഡൗൺ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇളവുകൾ കൂടുതലായി ലഭ്യമാകുന്ന ഗ്രീൻ സോണിൽ ജില്ലയിൽ ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 9 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണുള്ളത്. നഗരസഭകളിൽ വൈക്കം നഗരസഭ മാത്രമാണ് ഇതുവരെയുള്ള കണക്കുകളിൽ ഗ്രീൻ സോണിലുള്ളത്. ഇന്ന് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാകും നാളെ മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുക.