കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും രോഗബാധിതർ വേഗത്തിൽ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജില്ലയിൽ കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് മുതൽ കൂടുതൽ കോവിഡ് പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ പറഞ്ഞു.

പ്രതിദിന കോവിഡ് പരിശോധനയ്ക്ക് പുറമെ 7 മൊബൈൽ കോവിഡ് ടെസ്റ്റ് സെന്ററുകൾ കൂടി രൂപീകരിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ മേഖലകളായി തിരിച്ച തദ്ദേശ സ്ഥാപനങ്ങളിൽ സി,ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്ന മേഖലകളെ കൂടുതലായി പ്രാധാന്യം നൽകിയാണ് പരിശോധന നടത്തുന്നത്. കോവിഡ് ടെസ്റ്റിങ് ക്യാമ്പുകൾ നടന്നിട്ടില്ലാത്ത പഞ്ചായത്തുകളിൽ പരിശോധന കാര്യക്ഷമമാക്കും. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനായി മൊബൈൽ കോവിഡ് ടെസ്റ്റ് സെന്ററുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഒരു ദിവസം 7 തദ്ദേശ സ്ഥാപനങ്ങളിൽ എന്ന കണക്കിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മൊബൈൽ ടെസ്റ്റിങ് സെന്ററിലൂടെ കോവിഡ് പരിശോധന നടത്തും. പരമാവധിയാളുകളെ പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. എല്ലാവരും കോവിഡ് ടെസ്റ്റുമായി സഹകരിച്ചാൽ മാത്രമേ ജില്ലയിലെ കോവിഡ് വ്യാപനം കുറയ്ക്കാൻ സാധിക്കുകയുള്ളു എന്നും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ സാധിക്കൂ എന്നും ജില്ലാ കളക്ടർ പറഞ്ഞു.