ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി വരുത്തുന്ന ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ല; മുഖ്യമന്ത്രി.


തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി വരുത്തുന്ന ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനന്തമായി ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ട് പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലെത്താൻ സാഹചര്യം ഒരുക്കാനാണ് ശ്രമം. കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തതിൽ അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിന്റെ അവസാനത്തോടെ ഐ.സി.എം.ആർ നടത്തിയ സീറോ പ്രിവലൻസ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്റെ (21.6) ഏതാണ്ട് പകുതിമാത്രം (11.4) മാത്രമായിരുന്നു കേരളത്തിൽ രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചത്. ആ സാഹചര്യത്തിൽ ടെസ്റ്റിംഗിന്റെ എണ്ണം ഗണ്യമായി വർധിപ്പിച്ചിട്ടുമുണ്ട്. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തിൽ അൽപം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് 10 നടുത്ത് ഏതാനും ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നിൽക്കുകയാണ്. പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഇപ്പോൾ 10-14 ആയിരമായി കുറഞ്ഞിട്ടുണ്ടെങ്കിലും ടി.പി.ആർ താഴാതെ നിൽക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്കനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്ന അവസരത്തിൽ പോലും കോവിഡ് ആശുപത്രികളിലും ഐ.സി.യു കളിലും രോഗികൾക്ക് ഉചിതമായ ചികിത്സ നൽകാനായി. കോവിഡ് ആശുപത്രി കിടക്കളുടെ 60 -70 ശതമാനത്തിൽ കൂടുതൽ ഒരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളിൽ 90 ശതമാനത്തോളം പേർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത നേട്ടമാണി്തെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസ്പിൽ (കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി) ചേർന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചിട്ടുമുണ്ട്. സർക്കാർ സ്വകാര്യ മേഖലകൾ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാൻ ശ്രമിച്ച് വരുന്നത്. കോവിഡ് പോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മരണങ്ങളുടെ റിപ്പോർട്ടിംഗ് മിക്ക സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിൽ ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് ഐസിഎംആറിന്റെ പഠനങ്ങൾ തെളിയിക്കുന്നത്. രണ്ടാംതരംഗത്തിൽ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെൽറ്റ വൈറസ് വകഭേദമാണ് കേരളത്തിൽ എത്തിയത്. ജനസാന്ദ്രത കൂടുതലായതുകൊണ്ട് ഡെൽറ്റ വൈറസ് വ്യാപനം കേരളത്തിൽ കൂടുതലായി സംഭവിച്ചു. മാത്രമല്ല ഗ്രാമനഗരങ്ങൾ പരസ്പരം ബന്ധപ്പെട്ട് തുടർച്ചയായി നിലനിൽക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായി. ഡെൽറ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്സിനേഷൻ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാൽ രോഗം ഭേദമായവർക്ക് റീ ഇൻഫക്ഷനും വാക്സിൻ എടുത്തവർക്ക് ബ്രേക്ക് ത്രൂ ഇൻഫക്ഷനും വരാനിടയായി. ഇപ്പോൾ പോസിറ്റീവാകുന്നവരിൽ പലരും ഈ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും മരണസാധ്യത ഇല്ലെന്നതും ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാസ്‌ക് മാറ്റുന്ന അവസരങ്ങളിൽ (ആഹാരവും പാനീയങ്ങളും കഴിക്കുമ്പോൾ) ശരീരംദൂരം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാക്സിൻ എടുത്തവർ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ ഒഴിവാക്കാനും മറ്റുള്ളവരിലേക്ക് രോഗം പരത്താതിരിക്കാനും മാസ്‌ക് ധരിക്കണം. വാക്സിൻ എടുത്തവർ രോഗവാഹകരാവാൻ സാധ്യതയുണ്ട്. അടഞ്ഞമുറികൾ, പ്രത്യേകിച്ച് എ.സി മുറികൾ ഉപയോഗിക്കരുത്, മുറികളുടെ ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിചേരലുകളും ഒഴിവാക്കണം. 18 വയസ്സിനു താഴെയുള്ള കുട്ടികളിൽ കോവിഡ് രോഗബാധയ്ക്ക് ശേഷം പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിലുള്ള മിഠായി പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. ടൈപ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് വേണ്ടി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണത്. ഈ പദ്ധതി വഴി കുട്ടികൾക്ക് സൗജന്യചികിത്സയും മാനസികാരോഗ്യ പിന്തുണയും നൽകും. രണ്ട് ഡോസ് വാക്സിനേഷൻ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള പരമാവധി അയ്യായിരം ആളുകളെ വെർച്ച്വൽ ക്യു സംവിധാനം ഉപയോഗിച്ച് ദിവസേന ശബരിമല മാസപൂജയ്ക്ക് പ്രവേശനം അനുവദിക്കും. മദ്യവില്പന സ്ഥാപനങ്ങൾക്ക് മുന്നിൽ ക്യൂ തിരക്ക് കുറയ്ക്കാൻ മുൻകൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാൻ പാകത്തിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.