വാക്സിൻ വിതരണ കേന്ദ്രങ്ങൾ കോവിഡ് വിതരണ കേന്ദ്രങ്ങളാകുന്നുവോ? വെള്ളാവൂരിലെ വാക്സിൻ വിതരണ കേന്ദ്രത്തിൽ വൻ ജനത്തിരക്ക്.


വെള്ളാവൂർ: വെള്ളാവൂർ വാക്സിൻ വിതരണ കേന്ദ്രത്തിൽ ഇന്ന് അനുഭവപ്പെട്ടത് വൻ ജനത്തിരക്ക്. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടി നിൽക്കുന്ന സാഹചര്യത്തിലും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കപ്പെടാതെ ജനങ്ങൾ കൂട്ടം കൂടി നിൽക്കുകയായിരുന്നു. മഴ ശക്തമായതോടെ വാക്സിൻ സ്വീകരിക്കാൻ എത്തിയ ജനങ്ങൾക്ക് നിൽക്കുന്നതിനായി സൗകര്യങ്ങൾ പരിമിതമായിരുന്നു. ജില്ലയിലെ മിക്ക വാക്സിൻ വിതരണ കേന്ദ്രങ്ങളിലും വലിയ ജനത്തരക്കാണ് അനുഭവപ്പെടുന്നത്. വിവിധ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും തമ്മിൽ തർക്കങ്ങളും പതിവാണ്. ജനങ്ങൾ കൂടി നിൽക്കുമ്പോഴും ആരോഗ്യ പ്രവർത്തകർ കൃത്യമായ മാർഗ്ഗ നിർദ്ദേശം നൽകുന്നില്ല. മഴ പെയ്തതോടെ ജനങ്ങൾ വാക്സിൻ വിതരണ കേന്ദ്രത്തിനു മുന്നിൽ സജ്ജമാക്കിയ പന്തലിൽ കൂട്ടം കൂടിയതോടെയാണ് പിന്നീട് ആരോഗ്യ പ്രവർത്തകർ എത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനായി വാക്സിൻ ബുക്ക് ചെയ്തവരും ഇന്നലത്തെ വാക്സിൻ സ്‌പെഷൽ ഡ്രൈവിൽ ബുക്ക് ചെയ്തവരും രണ്ടാം ഡോസ് സ്വീകരിക്കാനായി ആശുപത്രിയിൽ നിന്നും ആശാ പ്രവർത്തകരും അറിയിച്ചവരും ഇന്ന് വാക്സിൻ സ്വീകരിക്കാനായി എത്തിയിരുന്നു. കോവിഡ് വാക്സിൻ സ്വീകരിക്കാനായി എത്തുന്നവർ സാമൂഹിക അകലം പാലിക്കുകയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തില്ലെങ്കിൽ വാക്സിൻ വിതരണ കേന്ദ്രത്തിൽ നിന്നും കോവിഡുമായി മടങ്ങേണ്ട സാഹചര്യമുണ്ടാകും. 

ചിത്രം: നബീൽ.