കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു പെരുനാൾ നമസ്കാരം നടത്തും, ഈരാറ്റുപേട്ട നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി.


ഈരാറ്റുപേട്ട: കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു പെരുനാൾ നമസ്കാരം നടത്തുമെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ പള്ളികളിലെ പെരുനാൾ നമസ്കാരവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ഇന്ന് നഗരസഭാ കൗൺസിൽ ഹാളിൽ രാവിലെ യോഗം ചേർന്നിരുന്നു.

യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ, മുൻസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, മഹല്ല് പ്രസിഡന്റുമാർ, ഇമാമീങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലേക്ക് വരുന്നവർ നമസ്കാര സമയത്തോട്കൂടി വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി മാസ്ക് ധരിച്ച്, മുസല്ല സ്വന്തമായി കൊണ്ടുവന്ന് പള്ളികളിൽ എത്തുകയും സാനിറ്റൈസർ ഉപയോഗിക്കുകയും, സാമൂഹിക അകലം പാലിച്ച് നമസ്കാരം നിർവഹിക്കേണ്ടതുമാണ്. നമസ്കാരം കഴിഞ്ഞാൽ പള്ളിയുടെ സമീപത്ത് കൂട്ടം കൂടി നിൽക്കുവാൻ പാടില്ല. നമസ്കാരം കഴിഞ്ഞാൽ ഉടൻ തന്നെ വീട്ടിലേക്ക് പിരിഞ്ഞു പോകേണ്ടതുമാണ്.

ബലി കർമത്തിലും വിതരണത്തിനും പങ്കെടുക്കുന്നവർ രണ്ടു വാക്സിൻ എടുത്തവരോ അടുത്ത ദിവസങ്ങളിൽ ആന്റിജൻ ടെസ്റ്റിന് വിധേയരായവരോ ആയിരിക്കണം. സാമൂഹിക അകലം കൃത്യമായും പാലിക്കേണ്ടതുമാണ്. പള്ളികളിൽ പ്രവേശിക്കുന്നവരുടെ എണ്ണം പരമാവധി 40 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പ്രായമുള്ളവർ, രോഗികൾ, പത്തുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ യാതൊരു കാരണവശാലും പള്ളികളിലെ നമസ്കാരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.