കോവിഡ് വാക്സിൻ ബുക്കിംഗ്: കോട്ടയം ജില്ലയിലെ 2 ആഴ്ച്ചത്തെ സ്ലോട്ടുകൾ കാലിയായത് നിമിഷങ്ങൾക്കുള്ളിൽ, പരാതി പ്രളയത്തിൽ ജനങ്ങൾ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ ബുക്കിംഗ് സംവിധാനം കാര്യക്ഷമമല്ല എന്ന് പൊതുജനങ്ങളുടെ പരാതി. ഇന്നലെയാണ് ജില്ലയിൽ വാക്സിൻ വിതരണത്തിനായി പുതിയ സംവിധാനം നിലവിൽ വന്നത്. രണ്ടാഴ്ച്ചത്തേക്കുള്ള വാക്സിൻ വിതരണം സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ചു കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം എന്നായിരുന്നു ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. ഇന്നലെ വൈകിട്ട് 5 മണിക്കാണ് ബുക്കിംഗ് ആരംഭിച്ചത്. 83 കേന്ദ്രങ്ങളിലാണ് വാക്സിൻ രണ്ടാഴ്ചത്തേക്കുള്ള ബുക്കിങ്ങിനു ഓൺലൈൻ സൗകര്യമൊരുക്കിയത്. എന്നാൽ 5 മണിക്ക് ആരംഭിച്ച ബുക്കിങ്ങിൽ 5 മിനിറ്റ് തികയും മുൻപ് തന്നെ സ്ലോട്ടുകൾ കാലിയായിരുന്നു. 2 ആഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആയതിനാൽ 5 മണിക്ക് ശേഷം സൈറ്റിൽ വാക്സിൻ ബുക്ക് ചെയ്യാനായി കയറിയവർക്കാർക്കും സ്ലോട്ടുകൾ ലഭിച്ചില്ല. ബുക്കിംഗ് ആരംഭിച്ചു 5 മിനിറ്റ് പോലും തികയും മുൻപ് സ്ലോട്ടുകൾ കാലിയായത് പൊതുജനങ്ങൾക്കിടയിൽ പരാതിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഒരു ദിവസത്തേക്കോ രണ്ട്   ദിവസത്തേക്കോ ആയിരുന്നു ജില്ലയിൽ വാക്സിൻ ബുക്കിങ്ങിനുള്ള സൗകര്യങ്ങൾ ലഭ്യമായിരുന്നത്. രണ്ടാഴ്ചത്തേക്ക് വാക്സിൻ ബുക്കിങ്ങിനുള്ള സ്ലോട്ടുകൾ ലഭ്യമാക്കിട്ടുണ്ട് എന്ന് അറിയിച്ചിട്ടും ഭൂരിഭാഗം പേർക്കും വാക്സിൻ ബുക്ക് ചെയ്യാൻ സാധിക്കാഞ്ഞത് പരാതി പ്രളയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ 5 മണി മുതൽ രണ്ടാഴ്ച്ചത്തേക്ക് ഏത് സമയത്തും വാക്സിൻ ബുക്ക് ചെയ്യാം എന്നായിരുന്നു ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്.