കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ച് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. മേഖലകൾ തിരിച്ചു പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.
ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകൾക്കായി ജില്ലാ പോലീസ് മേധാവിയെയും ഇൻസിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.