ക്യാൻസറിനെ ചിരിച്ചു തോൽപ്പിച്ച റിറ്റോയെ കോവിഡ് കവർന്നെടുത്തു.


കോട്ടയം: കഴിഞ്ഞ ഒൻപതു വർഷക്കാലമായി കാരിത്താസ് ആശുപത്രിയിൽ ജോലി ചെയ്തവർക്കും ഒപ്പം ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ളവർക്കും റിറ്റോ മെറിൻ മാത്യുവി(37)നെ എളുപ്പം മറക്കാൻ സാധിക്കില്ല. സദാസമയവും നിറപുഞ്ചിരിയോടെയുള്ള റിറ്റോയുടെ മുഖം അത്രവേഗം ആരും മറക്കില്ല.

ഏഴു വർഷങ്ങൾക്ക് മുൻപ് തന്നിലേക്ക് അതിഥിയായെത്തിയ ക്യാൻസറിനെ ചിരിച്ചു തോൽപ്പിച്ച റിറ്റോയെ കോവിഡ് കവർന്നെടുത്തു. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൂലവട്ടം കൈപ്പുരയിടം കെ.എ.മാത്തുണ്ണിയുടെ മകളാണ് റിറ്റോ. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജോർജ്ജി ഏക മകനാണ്.

മൂലേടം സിഎസ്ഐ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മൃതദേഹം സംസ്കരിച്ചു. നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായി ചുറുചുറുക്കോടെ എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന തന്റെ ജോലിയിൽ ഒരു അനുകരണീയ മാതൃകയായിരുന്നു റിറ്റോ എന്ന് കാരിത്താസ് ഡയറക്ടർ ഫാ.ബിനു കുന്നത്ത് അനുസ്മരിച്ചു.