കാറിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ച സംഭവത്തിൽ എഎസ്ഐ യെ അറസ്റ്റ് ചെയ്തു.


റാന്നി: കാറിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ച സംഭവത്തിൽ എഎസ്ഐ യെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച വൈകിട്ടുണ്ടായ അപകടത്തിൽ റാന്നി പേട്ട മാവേലി സ്റ്റോറിലെ ജീവനക്കാരിയായ ചാലാപ്പള്ളി പുലിയുറുമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പി.എസ്.മിനികുമാരി (49) ആണ് മരിച്ചത്.

സംഭവത്തിൽ റാന്നി പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദ് പി.മധുവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച വൈകിട്ടാണ് ഡ്യുട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന വിനോദിന്റെ കാർ റാന്നി എസ്ബിഐ ജീവനക്കാരി ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു വീണ സ്‌കൂട്ടറിൽ നിന്നും പിൻസീറ്റ് യാത്രികയായിരുന്ന മിനികുമാരി റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. അപകടത്തിൽ മിനികുമാരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ മിനികുമാരിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട ശേഷം വിനോദ് കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ എസ്ബിഐ ജീവനക്കാരിക്കും പരിക്കേറ്റിരുന്നു. തുടർന്ന് പോലീസ് നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് എഎസ്ഐ വിനോദിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച്ച രാവിലെ വിനോദ് റാന്നി സ്റ്റേഷനിൽ വിളിച്ചു അപകട വിവരം പറയുകയായിരുന്നു. ഇന്ന് രാവിലെ വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും കാർ ഫോറൻസിക് പരിശോധനയ്ക്കായി വിധേയമാക്കുകയും ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത വിനോദിനെ ജാമ്യത്തിൽ വിട്ടയച്ചു.