എരുമേലി: തെരുവനായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടെ എരുമേലിയിൽ മയിൽ വൈദ്യുതാഘാതമേറ്റ് ചത്തു. എരുമേലി കൊടിത്തോട്ടത്തിന് സമീപം ഇന്നലെയായിരുന്നു അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലായി 2 മയിലുകൾ പ്രദേശത്ത് കൗതുക കാഴ്ച്ചയുണർത്തി സഞ്ചരിച്ചിരുന്നു. ഇവയെയാണ് ഇന്നലെ തെരുവനായ ആക്രമിച്ചത്. തെരുവനായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വൈദ്യുതി പോസ്റ്റിലേക്ക് പറന്നു കയറിയ മയിലുകളിൽ ഒരെണ്ണത്തിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ്, മൃഗവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.