പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി പിഞ്ചോമനയുടെ മുഖം ഒരുനോക്കു കാണാനാകാതെ ഗോകുൽ യാത്രയായി.


കോട്ടയം: വൃക്ക രോഗത്തിനെ തന്റെ ഇശ്ചാശക്തികൊണ്ടും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയാലും പൊരുതി തോൽപ്പിച്ചു കൊണ്ടിരുന്ന ഗോകുലിനെ കവർന്നെടുത്തു കോവിഡ്. കോട്ടയം പാമ്പാടി പങ്ങട മുണ്ടക്കൽ ഗോകുൽ(29)ആണ് മരണത്തിനു കീഴടങ്ങിയത്.

വൃക്ക രോഗബാധിതനായ ഇദ്ദേഹത്തിന് ചികിത്സയിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആറു ദിവസങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിൽ ഇദ്ദേഹം കോവിഡ് നെഗറ്റീവ് ആയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളാകുകയായിരുന്നു. കോവിഡ് നെഗറ്റീവായതോടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയുമായിരുന്നു ഗോകുലിന്റെ തിരിച്ചു വരവിനായി കാത്തരുന്നത്.

മൂന്നാഴ്ച്ച മുൻപാണ് ഗോകുലിന്റെ ഭാര്യ രേഷ്മ രാജൻ കുഞ്ഞിന് ജന്മം നല്‍കിയത്. വൃക്ക രോഗത്തെ തുടർന്ന് 2013 ൽ ഗോകുലിന്‍റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വന്ന ഗോകുൽ പുറ്റടിയിലെ സ്വകാര്യ കോളജിൽ ലൈബ്രറിയൻ ആയി ജോലി ചെയ്യുകയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വീണ്ടും വൃക്ക രോഗം ഗോകുലിനെ പിടികൂടുകയായിരുന്നു.

രോഗബാധിതനായ ഗോകുലിന് ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ചതോടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ കലശലാകുകയായിരുന്നു. പിതാവ്: രാജൻ, മാതാവ്: ശാരദാമ്മ, സഹോദരന്‍: രാഹുല്‍. ഭാര്യ: രേഷ്മ.