പാലാ കെഎസ്ആർടിസി ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം, ബസ്സുകൾ പാലായിൽ തന്നെ നിലനിർത്തണം; യൂത്ത് ഫ്രണ്ട് (എം)


പാലാ: കേരളത്തിലെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ കെഎസ്ആർടിസി ഡിപ്പോ തകർക്കുവാനുള്ള അധികൃതരുടെ ഗൂഢനീക്കം ഉപേക്ഷിക്കണമെന്ന്  യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്  ബസ് സ്റ്റാൻഡിനു ള്ളിൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മീനച്ചിൽ താലൂക്കിലെ പൊതുഗതാഗതം തകർത്ത് ബസ് യാത്രക്കാരായ സാധാരണക്കാരെ ദുരിതത്തിൽ ആക്കുവാൻ സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദത്തിന് അധികൃതർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബസ്സുകൾ പാലായിൽ നിന്നും മാറ്റുവാനുള്ള നടപടി പിൻവലിച്ച് മാറ്റി കൊണ്ടുപോയ ബസ്സുകൾ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ അടിയന്തരമായി സ്വീകരിക്കണമെന്നും രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.

യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡൻറ് സുനിൽ പയ്യപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ദേവൻ കളത്തിപ്പറമ്പിൽ ,ടോം മനയ്ക്കൽ, ജെയിംസ് വാഞ്ചേരി, ജിതിൻ ചിത്രവേലിൽ , ജിബിൻ കൊച്ചുപുരയ്ക്കൽ, ശ്രീജിത്ത് പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.