ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം;പി.എ. മുഹമ്മദ് റിയാസ്.


കോട്ടയം: കോട്ടയം ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. വകുപ്പിന്‍റെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാർ കാലാവധി കഴിഞ്ഞും പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് അനുവദിക്കാനാവില്ല. കരാറുകാര്‍ക്ക് അകാരണമായി സമയം നീട്ടി നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കേണ്ടിവരും. വീഴ്ച്ച വരുത്തുന്ന കരാറുകാരുടെ പട്ടിക ചീഫ് എന്‍ജിനീയര്‍മാര്‍  ഉടൻ തയ്യാറാക്കി നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍  വേഗത്തിലാക്കുന്നതിന് എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം നടത്തണം. പദ്ധതികളുടെ നിര്‍വഹണ പുരോഗതി എല്ലാ മാസവും ജില്ലാ തലത്തില്‍ അവലോകനം ചെയ്ത് റിപ്പോര്‍ട്ട് നല്‍കണം. പ്രധാന പദ്ധതികളുടെ പുരോഗതി രണ്ടു മാസത്തിലൊരിക്കല്‍ മന്ത്രി നേരിട്ട് വിലയിരുത്തും. ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.