മോണിക്ക: സ്വന്തം വെബ്സീരീസുമായി അപ്പാനി ശരത്തും ഭാര്യ രേഷ്മയും.


ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്‌സീരീസുമായെത്തുന്നു. അപ്പാനി ശരത് കഥയെഴുതി സംവിധാനം ചെയ്യുന്ന മോണിക്കയിൽ അപ്പാനി ശരത്തും ഭാര്യ രേഷ്മയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്‌സീരീസ് എന്ന പ്രത്യേകതയും മോണിക്കയ്ക്കുണ്ട്.

കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന ഈ വെബ്‌സീരീസ് പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമായിരിക്കും സമ്മാനിക്കുക. താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കുന്ന മോണിക്ക. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്റെ കഥ സഞ്ചരിക്കുന്നത്. ഗൗരവമേറിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ എല്ലാവരെയും രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശരത്ത് പറഞ്ഞു.

തന്റെ എല്ലാ നേട്ടങ്ങളുടെയും തുടക്കം തന്റെ ശ്രമങ്ങളാണ് എന്നും ലോക്ക് ഡൗൺ സമയത്ത് എല്ലാ കലാകാരന്മാരെ പോലെയും താനും വിഷമത്തിൽ നിൽക്കുമ്പോൾ പ്രതീക്ഷകളോടെ ഭാര്യ രേഷ്മയും ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടുനടക്കുന്ന കലാകാരന്മാരായ തന്റെ സുഹൃത്തുക്കളും ചേർന്നു് അഞ്ചു ദിവസം കൊണ്ട് ഷൂട്ടിങ് തീർത്ത വെബ്സീരീസ് ആണ് ഇത് എന്ന് അപ്പാനി ശരത്ത് പറഞ്ഞു. 



ഒരു ദിവസം രാത്രിയിൽ തുടങ്ങി രാവിലെ അവസാനിക്കുന്ന കഥയുടെ ഈ വെബ് സീരീസ് പ്രേക്ഷകരെ ഓരോരുത്തരെയും ചിരിപ്പിക്കുന്ന കോമഡി ത്രില്ലർ ആശയം ഉൾക്കൊണ്ടതാണ് എന്നും ശരത്ത് പറഞ്ഞു. മനു സി പ്ലാവിള ആണ് വെബ്‌സീരീസിന്റെ തിരക്കഥാകൃത്ത്. പൂർണമായും ഇൻഡോറിൽ സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്ത മോണിക്ക ഒരു ഫാമിലി കോമഡി ത്രില്ലെർ ആണ്. അപ്പാനി ശരത്ത്, രേഷ്മ ശരത്, സിനോജ്,ഷൈനാസ് ഇല്യാസ്, കൃപേഷ് അയ്യപ്പൻകുട്ടി, അഫ്രീൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. വിഷ്ണു നിർമാണം നിർവഹിക്കുന്ന മോണിക്കയിൽ സിബി ജോസഫ് കാമറയും, ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവഹിക്കുന്നു. അപ്പാനി എഴുതി അക്ഷയ് സംഗീതം നലകിയിരിക്കുന്ന ഒരു മലയാള  റാപ് ഗാനവും ഇതിൽ  ഉണ്ട്. ഇംഗ്ലീഷ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദിവ്യ വിഷ്ണു ആണ്. മായ അമ്പാടി, അക്ഷയ് എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു. വസ്ത്രലങ്കാരം ആൽഫ്രഡ്‌, സ്റ്റിൽസ് അനു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു മോണിക്കയുടെ ചിത്രീകരണം. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മോണിക്കയുടെ പിന്നില്‍ എന്ന് ശരത്ത് പറഞ്ഞു. കാനഡയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ വെബ് സീരീസ് നിർമിച്ചിരിക്കുന്നത്, കാനഡയിലെ ടൊറൊന്റോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്യാന്റീലൂപ്  മീഡിയ കോർപ് എന്ന പ്രൊഡക്ഷൻ കമ്പനി ആണ്. മോണിക്ക ഉടനെ പ്രേക്ഷകരിലേക്കെത്തും.