മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ കണ്ടെത്തുന്നതിനായി തെരച്ചിൽ പുനരാരംഭിച്ചു, ഫയർ ഫോഴ്‌സ് സ്‌കൂബാ സംഘത്തിനൊപ്പം ഈരാറ്റുപേട്ട നന്മക്കൂട്ടവും.


മണിമല: മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ കണ്ടെത്തുന്നതിനായി തെരച്ചിൽ പുനരാരംഭിച്ചു. ഇന്ന് രാവിലെയാണ് ഫയർ ഫോഴ്‌സ് സ്‌കൂബാ സംഘത്തിന്റെയും ഈരാറ്റുപേട്ട നന്മക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ തെരച്ചിൽ പുനരാരംഭിച്ചത്. ഇന്നലെ വൈകിട്ട് വരെ ഫയർ ഫോഴ്‌സ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

വെളിച്ചക്കുറവിനെ തുടർന്ന് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ചങ്ങനാശ്ശേരി താലൂക്ക് സ്‌പേസിൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ പ്രകാശ് എൻ ആണ് മണിമലയാറ്റിൽ ചാടിയത്. ഇന്നലെ രാവിലെ മണിമല വലിയ പാലത്തിൽ നിന്നുമായി ഇയാൾ ആറ്റിലേക്ക് ചാടിയത്. പാലത്തിനു മുകളിൽ ഊരി വെച്ചിരുന്ന നിലയിൽ ഇയാളുടെ ബാഗും ഷൂസും കണ്ടെത്തിയിരുന്നു. ബാഗിൽ നിന്നും ലഭിച്ച ഐഡി കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്.

ആറ്റിലേക്ക് ഇയാൾ ചാടുന്നത് കണ്ട ഇതര സംസ്ഥാന തൊഴിലാളിയായ യാനാസ് ആറ്റിലേക്ക് ചാടിയെങ്കിലും രക്ഷിക്കാനായില്ല. കളക്ട്രേറ്റിൽ നിന്നും ചങ്ങനശ്ശേരി തഹസിൽദാറിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ നിന്നും നന്മക്കൂട്ടം പ്രവർത്തകർ തെരച്ചിലിനായി എത്തിയിരിക്കുന്നത്.