കോട്ടയം: ലോക്ക് ഡൗണിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ഇളവുകൾ നൽകിയതോടെ നഗരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ പ്രധാന നഗരങ്ങൾക്കൊപ്പം ഗ്രാമീണ മേഖലകളിലും നിരത്തുകളിൽ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇളവുകൾ കൂടുതലായി അനുവദിച്ചതോടെ കൂടുതലായി ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയിട്ടുണ്ട്. കോട്ടയം,പാലാ, ഏറ്റുമാനൂർ,കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി മേഖലകളിൽ നിരത്തിലും വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്കാണ്. 2 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായും നിരവധിപ്പേരാണ് നഗരത്തിലെത്തിയിരിക്കുന്നത്. പലചരക്ക്,പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിൽ രാവിലെ മുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ് തുടങ്ങിയ കടകൾക്ക് ജൂൺ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതൽ വൈകീട്ട് 7 വരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളിൽ രാവിലെ മുതൽ തിരക്കുണ്ട്. സ്റ്റേഷനറി കടകൾ തുറന്നിരിക്കുന്നതിനാൽ ബുക്കുകൾ മറ്റു പഠന സാമഗ്രികളും വാങ്ങുന്നതിനായി വിദ്യാർത്ഥികളും പുറത്തിറങ്ങിയിട്ടുണ്ട്. പോലീസ് ജില്ലയിലെ എല്ലാ മേഖലകളും കേന്ദ്രീകരിച്ച് സ്റ്റേഷൻ പരിധികളിൽ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോയിന്റുകളിൽ കർശന വാഹന പരിശോധനയാണ് നടത്തുന്നത്. എന്നാൽ ഇന്ന് ഇളവുകൾ കൂടുതലായി അനുവദിച്ചതോടെ വാഹനങ്ങൾ കൂടുതലായതിനാൽ ചില സമയങ്ങളിൽ ചെക്ക് പോയിന്റുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നുണ്ട്. കൂടുതലായി വാഹനങ്ങളും ജനങ്ങളും പുറത്തിറങ്ങിയതോടെ നിയന്ത്രിക്കാനാകാതെ പോലീസ് വട്ടം ചുറ്റുകയാണ്.
അവശ്യ സാധനങ്ങൾ വാങ്ങാനായി എത്തുന്നവരും മറ്റു ആവശ്യങ്ങൾക്കായി നഗരത്തിലേക്ക് എത്തുന്നവരും സത്യവാങ്മൂലവുമായാണ് യാത്ര ചെയ്യുന്നത്. വാഹന വർക്ക് ഷോപ്പുകളിലും സർവ്വീസ് സെന്ററുകളിലും നിരവധിപ്പേരാണ് അറ്റകുറ്റപ്പണികൾക്കായി വാഹനങ്ങളുമായി എത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിലും 2 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ഇന്ന് ലഭിച്ച ഏക ദിന ലോക്ക് ഡൗൺ ഇളവ് ആഘോഷമാക്കുകയാണ് ജനങ്ങൾ.