വിവാഹം കഴിഞ്ഞു 4 മാസം മാത്രം, ഷിൻസി ഫിലിപ്പിനെ മരണം തട്ടിയെടുത്തത് ബഹ്‌റെയിനിൽ ഭർത്താവിന്റെയടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ.


കുറവിലങ്ങാട്: സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിനിയായ നേഴ്സ് ഷിൻസി ഫിലിപ്പ് (28)മരിച്ചു. 2021 ജനുവരി 24നായിരുന്നു പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കുര്യനുമായി ഷിൻസിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ബഹ്‌റെയിനിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്.

സൗദി അറേബ്യയിലെ ജോലി അവസാനിപ്പിച്ചു ബഹ്‌റെയിനിൽ ഭർത്താവിന്റെയടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഷിൻസിയെ മരണം വാഹനാപകടത്തിന്റെ രൂപത്തിൽ കവർന്നെടുത്തത്. കോട്ടയം കുറവിലങ്ങാട് വയല എടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളാണ് ഷിൻസി ഫിലിപ്പ്. സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്‌സുമാരാണ് മരണപ്പെട്ടത്.

നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയൻ(31) കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർക്കൊപ്പം ഉണ്ടായിരുന്ന 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അമിത വേഗതയിലെത്തിയ മറ്റൊരു വാഹനമിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങൾ. വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ,റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ സ്നേഹ, റിൻസി എന്നിവർ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ താർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സൗദിയിലെ അപകടത്തിൽ മരണപ്പെട്ട ഷിൻസി ഫിലിപ്പിന്റെയും തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ കേന്ദ്ര മന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു.

സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട വയലാ എടച്ചേരിത്തടത്തിൽ ഷിൻസി ഫിലിപ്പിന്റെ വീട്ടിലെത്തി മോൻസ് ജോസഫ് എംഎൽഎ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.