കോട്ടയം: നടപ്പു സാമ്പത്തിക വർഷം 15 -ാം ധനകാര്യ കമ്മീഷൻ വിഹിതം വിനിയോഗിക്കുന്നതിന് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. ഇതില്‍ 60 ശതമാനം പദ്ധതികളും കുടിവെള്ള വിതരണത്തിനും ശുചിത്വ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ളവയാണ്.
71 ഗ്രാമപഞ്ചായത്തുകൾ - 53.27 കോടി രൂപയുടെ 1170 പദ്ധതികള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍ - 10.94 കോടി രൂപയുടെ 175 പദ്ധതികള്‍, ആറു നഗരസഭകള്‍ 23.75 കോടി രൂപയുടെ 242 പദ്ധതികൾ, ജില്ലാ പഞ്ചായത്ത്- 10.98 കോടി രൂപയുടെ 94 പദ്ധതികൾ എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍ സമര്‍പ്പിച്ചിരുന്നത്. ചങ്ങനാശേരി നഗരസഭയുടെയും മണർകാട്, മാഞ്ഞൂർ ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി ലേബർ ബജറ്റ് അംഗീകാരത്തിനായി പാലാ, കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകൾ സമർപ്പിച്ച പദ്ധതികൾക്കും ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നൽകി.
ഇതോടെ ജില്ലയിലെ 89 തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി. മഴക്കാല പൂർവ്വ ശുചീകരണം, ദുരന്ത നിവാരണം എന്നിവയ്ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് യോഗം നിർദേശിച്ചു. വെള്ളക്കെട്ട് പരിഹരിക്കരിക്കുന്നതിനും മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമുള്ള പ്രോജക്ടുകള്‍ക്ക് ഇതിനോടകം സമിതി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷ അറിയിച്ചു.
കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ജാഗ്രതാ സംവിധാനം സജീവമായി തുടരണം. ആന്റിജന്‍ കിറ്റുകള്‍ വങ്ങുന്നതിനും കോവിഡ് പരിശോധന പരമാവധി ചെയ്യുന്നതിനും മുന്‍ഗണന നല്‍കണം. സി.എഫ്.എല്‍.ടി.സികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന് ആവശ്യമായ സഹകരണം ഉറപ്പാക്കണം. വീടുകളില്‍ ഐസൊലേഷന്‍ സൗകര്യമില്ലാത്ത രോഗികളെ നിര്‍ബന്ധമായും പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാർ, വകുപ്പ് മേധാവികള്‍ തുടങ്ങിയവർ സംബന്ധിച്ചു.