അൺലോക്ക് കോട്ടയം: തദ്ദേശ മേഖലകളിലെ ടി പി ആർ അവലോകനം നാളെ, ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകൾ ഉണ്ടായേക്കില്ല.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നടപ്പിലാക്കുന്ന നിയന്ത്രണനഗലും ഇളവുകളും പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നാളെ ടി പി ആർ അവലോകന യോഗം ചേരും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളിലെ കഴിഞ്ഞ ഒരാഴ്ച്ചത്തെ ടി പി ആർ അവലോകനം ചെയ്യും.

ടി പി ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നൽകിയിരിക്കുന്ന നിയന്ത്രണങ്ങളും ഇളവുകളും പുനക്രമീകരിക്കും. 4 മേഖലകളായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്. എല്ലാ ബുധനാഴ്ച്ചയുമാണ് ടി പി ആർ അവലോകനം ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ ജൂൺ 21 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ടി പി ആർ 30 ശതമാനത്തിനു മുകളിലുള്ള മേഖലകൾ ജില്ലയിലില്ല. ഇക്കാരണത്താൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകൾ ഉണ്ടായേക്കില്ല. ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് നാളെ പ്രഖ്യാപിക്കുന്നത്.

ജൂണ്‍ 30ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. ജില്ലയിൽ ടി പി ആർ 8 ശതമാനത്തിൽ താഴെ 37 മേഖലകളാണുള്ളത്. ഈ മേഖലകളിൽ നിയന്ത്രണങ്ങളില്ല. കഴിഞ്ഞ ആഴ്ച്ച ജില്ലയിൽ ടി പി ആർ 8 ശതമാനത്തിൽ താഴെ 27 തദ്ദേശ സ്ഥാപനങ്ങളാണുണ്ടായിരുന്നത്. ആരോഗ്യ വകുപ്പിന്റെ ജൂൺ 21 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ടി പി ആർ 8 ശതമാനത്തിൽ താഴെയുള്ള 37 തദ്ദേശ സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ തവണത്തേതിലും 10 മേഖലകൾ കോവിഡ് പിടിയിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുന്നത് ആശ്വാസകരമായ വാർത്തയാണ്.

പുതുപ്പള്ളി,മണർകാട്, തീക്കോയി,പാറത്തോട്,തിരുവാർപ്പ്, തലപ്പലം,എരുമേലി, ചിറക്കടവ്,വെള്ളാവൂർ, അകലക്കുന്നം,ഭരണങ്ങാനം,മുളക്കുളം,തലയാഴം, ആർപ്പൂക്കര,ഏറ്റുമാനൂർ,കോട്ടയം,വാഴൂർ, കാഞ്ഞിരപ്പള്ളി,വൈക്കം,മീനടം, ടി വി പുരം,മറവന്തുരുത്ത്, രാമപുരം,മണിമല,കുമരകം, കടനാട്‌,മീനച്ചിൽ,ഉഴവൂർ, വെള്ളാവൂർ,കുറവിലങ്ങാട്, പാലാ, മരങ്ങാട്ടുപിള്ളി,കല്ലറ, കാണക്കാരി,നീണ്ടൂർ, വെളിയന്നൂർ,ഞീഴൂർ എന്നിവയാണ് ടി പി ആർ 8 ശതമാനത്തിൽ താഴെയുള്ള ഇളവുകൾ ലഭ്യമാകുന്ന മേഖലകൾ. എന്നാൽ കഴിഞ്ഞ തവണ ടി പി ആർ 8 ശതമാനത്തിൽ താഴെയായിരുന്ന ചെമ്പ്,പൂഞ്ഞാര്‍ തെക്കേക്കര,തലയോലപ്പറമ്പ്, കോരുത്തോട്,മേലുകാവ്,  ഗ്രാമപഞ്ചായത്തുകളിൽ ടി പി ആർ ഉയർന്നു. ഈ മേഖലകൾ ആരോഗ്യ വകുപ്പിന്റെ ജൂൺ 21 വരെയുള്ള കണക്കുകൾ പ്രകാരം ഭാഗിക ലോക്ക് ഡൗൺ മേഖലകളിലായി.

കോട്ടയം ജില്ലയിൽ ടി പി ആർ 8 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ 39 തദ്ദേശ മേഖലകളാണുള്ളത്. ഈ മേഖലകളിൽ ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും. കുറിച്ചി,മാടപ്പള്ളി,വെച്ചൂർ, കടുത്തുരുത്തി,മൂന്നിലവ്, ഈരാറ്റുപേട്ട,തൃക്കൊടിത്താനം, കടപ്ലാമറ്റം,അയ്മനം,വാകത്താനം,കൂട്ടിക്കൽ, പനച്ചിക്കാട്,പായിപ്പാട്, കൂരോപ്പട,തിടനാട്,മാഞ്ഞൂർ, അയർക്കുന്നം, കൊഴുവനാൽ, പാമ്പാടി,പൂഞ്ഞാർ തെക്കേക്കര,വിജയപുരം,കാരൂർ,തലയോലപ്പറമ്പ്, മുത്തോലി,കോരുത്തോട്, പൂഞ്ഞാർ,പള്ളിക്കത്തോട്, കറുകച്ചാൽ,ചങ്ങനാശ്ശേരി, അതിരമ്പുഴ, മേലുകാവ്,തളനാട്‌,ഉദയനാപുരം, എലിക്കുളം,കങ്ങഴ, മുണ്ടക്കയം,നെടുംകുന്നം, കിടങ്ങൂർ,ചെമ്പ് മേഖലകളാണ് ജില്ലയിൽ ടി പി ആർ 8 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ ഉള്ളത്. ഈ മേഖലകളിൽ ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ തവണ ജില്ലയിൽ  ടി പി ആർ 8 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ 45 തദ്ദേശ സ്ഥാപനങ്ങളാണുണ്ടായിരുന്നത്. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ മേഖലയിൽ 39 തദ്ദേശ സ്ഥാപന മേഖലകൾ മാത്രമാണുള്ളത്. കോട്ടയം ജില്ലയിൽ ടി പി ആർ 20 ശതമാനത്തിനും 30 ശതമാനത്തിനുമിടയിൽ ഒരു മേഖല മാത്രമാണ് ആരോഗ്യ വകുപ്പിന്റെ ജൂൺ 21 വരെയുള്ള കണക്കുകൾ പ്രകാരമുള്ളത്. വാഴപ്പള്ളി മാത്രമാണ് ഈ മേഖല. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കഴിഞ്ഞ തവണ ജില്ലയിൽ 5 തദ്ദേശ മേഖലകളായിരുന്നു ടി പി ആർ 20ശതമാനത്തിനും 30 ശതമാനത്തിനും ഇടയിൽ ഉണ്ടായിരുന്നത്.

ഇവയിൽ വാഴപ്പള്ളിയിൽ മാത്രമാണ് ഇത്തവണയും ടി പി ആർ 20 ശതമാനത്തിനും 30 ശതമാനത്തിനുമിടയിൽ നിൽക്കുന്നത്. പുതുതായി ഒരു തദ്ദേശ സ്ഥാപനവും ഈ മേഖലയിലേക്ക് രോഗവ്യാപനമോ ടി പി ആറോ ഉയർന്നിട്ടില്ല. കഴിഞ്ഞ തവണയും ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകൾ ഉണ്ടായിരുന്നില്ല. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാകും നാളെ ജില്ലാ കളക്ടർ മേഖലകൾ തിരിച്ചു നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക.