ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി, പോലീസുകാരന് പരിക്ക്.


ചിങ്ങവനം: അടിപിടിക്കേസിൽ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ച യുവാവ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് (26) ആണ് പോലീസ് സ്റ്റേഷനിൽ ശരീരത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫിസർ എ.എൻ.പ്രകാശന് (48) ആണ് പരിക്കേറ്റത്. വ്യാഴാഴ്‌ച്ചയാണ്‌ അടിപിടിക്കേസിൽ ചിങ്ങവനം പോലീസ് വിഷ്ണുവിനെ അറസ്റ്റു ചെയ്തത്. അന്ന് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും വെള്ളിയാഴ്ച്ച രാത്രി 8 മണിയോടെ ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കയ്യിൽ കരുതിയ പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.

ഇതുകണ്ട് തടയാനായി ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥനെ വിഷ്ണു ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതുകണ്ട് ഓടിക്കൂടിയ പോലീസുകാർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇരുവരെയും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.